കേരളത്തിലെ ജനങ്ങൾ ഭരണകക്ഷിയായ എൽ.ഡി.എഫിലും പ്രതിപക്ഷമായ യു.ഡി.എഫിലും മടുത്തിരിക്കുകയാണെന്നും അവർ ബിജെപി-എൻ.ഡി.എ സഖ്യത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുമായും തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
ജനങ്ങളുമായുള്ള ബന്ധം എങ്ങനെ കൂടുതൽ ദൃഢമാക്കാം, സുതാര്യമായ ഭരണം എങ്ങനെ ഉറപ്പാക്കാം, ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിൽ ബിജെപി കൈവരിച്ച ചരിത്രപരമായ നേട്ടങ്ങൾ പാർട്ടി പ്രവർത്തകരുടെ നിസ്വാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ബിജെപി ജനപ്രതിനിധികൾ താഴെത്തട്ടിലിറങ്ങി പ്രവർത്തിച്ച് ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മേയർ വി.വി. രാജേഷ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ സംഘം വിവിധ കേന്ദ്രമന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നഗരവികസനത്തെക്കുറിച്ചും ഭരണപരമായ നൈപുണ്യത്തെക്കുറിച്ചും സംഘത്തിന് പ്രത്യേക ക്ലാസുകളും നൽകി. രാഷ്ട്രപതി ഭവൻ സന്ദർശനവും സംഘത്തിന്റെ യാത്രാപരിപാടിയുടെ ഭാഗമായുണ്ട്

