എൻ.ബി.എൻ സൗജന്യ ഫൈബർ അപ്‌ഗ്രേഡ്; അഞ്ചു ദശലക്ഷം വീടുകൾക്ക് യോഗ്യത, ഉപയോഗപ്പെടുത്തിയത് 20 ശതമാനം

മെൽബൺ: ഓസ്‌ട്രേലിയയിലെ പകുതിയോളം വീടുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന എൻ.ബി.എൻ ഫൈബർ അപ്‌ഗ്രേഡിനോട് ജനങ്ങൾ തണുപ്പൻ പ്രതികരണമാണ് നൽകുന്നതെന്ന് റിപ്പോർട്ട്. നിലവിൽ അഞ്ചു ദശലക്ഷത്തിലധികം വീടുകൾക്ക് പഴയ കോപ്പർ കണക്ഷനുകളിൽ നിന്ന് വേഗതയേറിയ ഫൈബർ കണക്ഷനുകളിലേക്ക് മാറാൻ യോഗ്യതയുണ്ടെങ്കിലും, കേവലം 20 ശതമാനം ആളുകൾ മാത്രമാണ് ഇതുവരെ ഈ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എൻ.ബി.എൻ കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ അർദ്ധവാർഷിക കണക്കുകളിലാണ് ഈ വിവരമുള്ളത്.

പഴയ ഫൈബർ-ടു-ദി-നോഡ് , ഫൈബർ-ടു-ദി-കർബ് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് തികച്ചും സൗജന്യമായി ഫൈബർ-ടു-ദി-പ്രിമിസസ് എന്ന മെച്ചപ്പെട്ട സാങ്കേതികവിദ്യയിലേക്ക് മാറാൻ സാധിക്കും. ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കാണ് ഈ സൗജന്യ അപ്‌ഗ്രേഡ് ലഭിക്കുക. സെപ്റ്റംബർ 2025 മുതൽ എൻ.ബി.എൻ വേഗത വർദ്ധിപ്പിച്ച പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. എന്നിട്ടും ഭൂരിഭാഗം ആളുകളും ഇപ്പോഴും പഴയതും വേഗത കുറഞ്ഞതുമായ ഇന്റർനെറ്റ് പ്ലാനുകളിൽ തന്നെ തുടരുന്നത് അധികൃതരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

കൂടുതൽ ഉപകരണങ്ങൾ ഒരേസമയം ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത സ്ട്രീമിംഗിനും ഗെയിമിംഗിനും പുതിയ ഫൈബർ കണക്ഷൻ അനിവാര്യമാണെന്ന് എൻ.ബി.എൻ സി.ഇ.ഒ എല്ലി സ്വീനി പറഞ്ഞു. പ്രതിമാസം ഏകദേശം 47,000 വീടുകൾ വീതം പുതിയ കണക്ഷനിലേക്ക് മാറുന്നുണ്ടെങ്കിലും, അർഹരായ വലിയൊരു വിഭാഗം ഇപ്പോഴും ഈ സൗകര്യം ഉപയോഗിക്കുന്നില്ല. 2030-ഓടെ ഓസ്‌ട്രേലിയയിലെ ബാക്കിയുള്ള കോപ്പർ ലൈനുകൾ കൂടി ഒഴിവാക്കി രാജ്യം പൂർണ്ണമായും ഫൈബർ ശൃംഖലയിലേക്ക് മാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *