ന്യൂഡൽഹി: ആഗോള എഐ ചിപ്പ് നിർമാണ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ പുതിയ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മലയാളിയായ തോമസ് കുര്യനും. കോട്ടയം പാമ്പാടി സ്വദേശിയും നിലവിൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയുമായ തോമസ് കുര്യന്റെ പേര് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകളാണ് പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ ഉയർന്നുവന്നിരിക്കുന്നത്.
എൻവിഡിയയുടെ സഹസ്ഥാപകനും ദീർഘകാല സിഇഒയുമായ ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. കമ്പനിക്കുള്ളിൽനിന്നും പുറത്തുനിന്നുമുള്ളവരെ പരിഗണിക്കുമെന്ന് ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊലെറ്റ് ക്രെസിനാണ് ഇടക്കാല സിഇഒയുടെ ചുമതല.
തോമസ് കുര്യനെ കൂടാതെ മൈക്രോൺ ടെക്നോളജീസ് സിഇഒ സഞ്ജയ് മെഹ്റോത്ര, പാലോ ആൾട്ടോ നെറ്റ്വർക്ക്സ് സിഇഒ നികേഷ് അറോറ എന്നിവരാണ് പരിഗണനയിലുള്ള മറ്റ് ഇന്ത്യൻ വംശജർ. എൻവിഡിയയുടെ വേൾഡ്വൈഡ് ഫീൽഡ് ഓപ്പറേഷൻസ് മുൻ മേധാവി ജയ് പുരിയുടെ പേരും ചില മാധ്യമ റിപ്പോർട്ടുകളിൽ ഉയർന്നുവന്നിട്ടുണ്ട്.
ആരാണ് തോമസ് കുര്യൻ?
കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ജനിച്ച തോമസ് കുര്യൻ 1986ൽ ഇരട്ടസഹോദരൻ ജോർജ് കുര്യനൊപ്പം അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ ഉപരിപഠനത്തിനായി പോയി. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എംബിഎയും നേടി.
മക്കിൻസി ആൻഡ് കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1996ൽ ഒറാക്കിളിൽ ചേർന്നു. 22 വർഷത്തോളം ഒറാക്കിളിൽ വിവിധ ഉന്നത പദവികൾ വഹിച്ചു. 2018ലാണ് ഗൂഗിൾ ക്ലൗഡിന്റെ മേധാവിയായി ചുമതലയേറ്റത്. ക്ലൗഡ് കമ്പ്യൂട്ടിങ്, എന്റർപ്രൈസ് സോഫ്റ്റ്വെയർ, എഐ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന് ദീർഘകാല പ്രവർത്തനപരിചയമുണ്ട്.
തോമസിന്റെ ഇരട്ടസഹോദരൻ ജോർജ് കുര്യൻ നെറ്റ്ആപ്പിന്റെ സിഇഒയാണ്.
എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് പേരുകളിൽ ഇടക്കാല മേധാവി കൊലെറ്റ് ക്രെസ്, ആപ്പിളിന്റെ മുൻ സിഇഒ ടിം കുക്ക്, എഎംഡി സിഇഒ ലിസ സു, എൻവിഡിയ വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് എന്നിവരും ഉൾപ്പെടുന്നു. എന്നാൽ ആരെയും ഔദ്യോഗികമായി പിൻഗാമിയായി പ്രഖ്യാപിച്ചിട്ടില്ല. തോമസ് കുര്യന്റെ പേരും മാധ്യമ റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന സാധ്യതാ സ്ഥാനാർഥികളിൽ ഒന്നുമാത്രമാണ്.

