ക്യൂബയ്ക്ക് കൈത്താങ്ങായി മെക്സിക്കോ; ഭക്ഷണവും പാൽപ്പൊടിയുമായി കപ്പലുകളെത്തി

ഹവാന: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് കടുത്ത ഇന്ധന-ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് സഹായവുമായി മെക്സിക്കൻ കപ്പലുകൾ എത്തി. മെക്സിക്കൻ നാവികസേനയുടെ രണ്ട് കപ്പലുകളാണ് അത്യാവശ്യ സാധനങ്ങളുമായി ക്യൂബൻ തീരത്തെത്തിയത്.


ഒരു കപ്പലിൽ പാൽ, അരി, ബീൻസ്, മത്സ്യം, മാംസ ഉൽപ്പന്നങ്ങൾ, ടിന്നിലടച്ച ട്യൂണ, സസ്യ എണ്ണ എന്നിവയുൾപ്പെടെ 536 ടൺ ഭക്ഷ്യസാധനങ്ങളുണ്ട്. രണ്ടാമത്തെ കപ്പലിൽ 277 ടണ്ണിലധികം പാൽപ്പൊടിയാണുള്ളത്.


ക്യൂബയ്ക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു. 1,500 ടൺ പയറും പാൽപ്പൊടിയും കൂടി ഉടൻ അയക്കാൻ മെക്സിക്കോ പദ്ധതിയിടുന്നുണ്ട്.
വെനിസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് ക്യൂബയെ പ്രതിസന്ധിയിലാക്കിയത്. വെനിസ്വേലൻ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിലച്ചത്. കൂടാതെ, സുഹൃദ് രാജ്യമായ റഷ്യയും ഈ വിഷയത്തിൽ കാര്യമായി ഇടപെടാത്തത് ക്യൂബയെ ഒറ്റപ്പെടുത്തി.


ഇന്ധനക്ഷാമം രൂക്ഷമായതോടെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്ന് ക്യൂബ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ബാങ്ക് പ്രവർത്തന സമയം കുറയ്ക്കുകയും സാംസ്കാരിക പരിപാടികൾ നിർത്തിവെക്കുകയും ചെയ്തിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *