ദമാസ്കസ്/കാൻബറ: സിറിയയിലെ റോജ് (Roj) തടങ്കൽ പാളയത്തിൽ കഴിഞ്ഞിരുന്ന 34 ഓസ്ട്രേലിയക്കാരെ കുർദിഷ് സേന മോചിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങൾ എന്ന് സംശയിക്കുന്നവരെ പാർപ്പിച്ചിരുന്ന ക്യാമ്പിൽ നിന്നാണ് ഇവരെ വിട്ടയച്ചത്. ഇവരെ ദമാസ്കസിലേക്ക് കൊണ്ടുപോയതായും അവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, തിങ്കളാഴ്ച വൈകിയുണ്ടായ വിവരങ്ങൾ പ്രകാരം ഇവരെ വീണ്ടും ക്യാമ്പിലേക്ക് തന്നെ തിരിച്ചയച്ചതായും സൂചനയുണ്ട്.
വിഷയത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ രാജ്യത്തേക്ക് ഔദ്യോഗികമായി തിരിച്ചുകൊണ്ടുവരാൻ (Repatriate) സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഇവർ സ്വന്തം നിലയ്ക്ക് മടങ്ങിവരാൻ ശ്രമിച്ചാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ നിയമപാലകർ ഇവരെ നേരിടുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സിറിയയിൽ നിന്ന് മടങ്ങിയെത്തുന്നവർ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ഓസ്ട്രേലിയൻ നിയമത്തിന്റെ എല്ലാ കരുത്തും നേരിടേണ്ടി വരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ മാറിവരുന്ന സാഹചര്യങ്ങൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും, ഓസ്ട്രേലിയൻ പൗരന്മാരുടെ സുരക്ഷയ്ക്കും ദേശീയ താൽപ്പര്യങ്ങൾക്കുമാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സിറിയയിലെ ആഭ്യന്തര മാറ്റങ്ങളെത്തുടർന്ന് റോജ്, അൽ-ഹോൾ ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് വിദേശികളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ട ഷമീമ ബീഗവും ഇതേ ക്യാമ്പിലാണ് കഴിയുന്നത്. തടങ്കലിലുള്ളവരെ തിരികെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ തയ്യാറാണെങ്കിൽ തങ്ങൾ സഹകരിക്കാൻ തയ്യാറാണെന്ന് കുർദിഷ് അധികൃതർ അറിയിച്ചു.

