ഭൂമിയുടെ അടിയിൽ രഹസ്യ അറകൾ, ഉള്ളിൽ ടൺ കണക്കിന് മയക്കുമരുന്ന്; രാജ്യം ഞെട്ടിയ ഏറ്റവും വലിയ വേട്ട

സിഡ്നി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്.സിഡ്നിയുടെ പടിഞ്ഞാറൻ മേഖലയായ ലണ്ടൻഡെറിയിലെ ഒരു ഗ്രാമീണ മേഖലയിൽ നടത്തിയ റെയ്ഡിൽ 816 ദശലക്ഷം ഡോളർ വിലമതിക്കുന്ന 2.7 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തു. രഹസ്യമായി നിർമ്മിച്ച ഭൂഗർഭ അറകൾക്ക് മുകളിൽ മൂന്ന് ഷിപ്പിംഗ് കണ്ടെയ്നറുകൾ സ്ഥാപിച്ച് അതിൽ വ്യാജ തറകൾ നിർമ്മിച്ചാണ് പ്ലാസ്റ്റിക് ടബ്ബുകളിൽ കൊക്കെയ്ൻ കട്ടകൾ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓടാൻ ശ്രമിച്ച ആൻഡ്രൂ വത ഫെപുലായ് (21), ക്രിസ്റ്റ്യൻ ഫൈമു (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്വീൻസ്‌ലാൻഡ് പോലീസും എ.എഫ്.പി.യും ചേർന്ന് ഒരു മാസമായി നടത്തിയ അന്തർസംസ്ഥാന അന്വേഷ ണത്തിനൊടുവിലാണ് ഈ വമ്പൻ വേട്ട. നോർത്ത് ക്വീൻസ്‌ലാൻഡിലെ മക്കെയ്ക്ക് സമീപം കടലിൽ നിന്ന് 40 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതിനെത്തുടർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ മിൻജിയാങ്’ എന്ന അന്വേഷ ണമാണ് സിഡ്നിയിലെ ഈ വൻ ശേഖരത്തിലേക്ക് പോലീസിനെ നയിച്ചത്. ഈ സംഘത്തിൽപ്പെട്ട മറ്റ് ആറ് പേരെ കൂടി പോലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രേറ്റ് ബാരിയർ റീഫിന് സമീപം നങ്കൂരമിട്ട ഒരു ചരക്കുകപ്പലിൽ നിന്നാണ് ഈ മയക്കുമരുന്ന് ഓസ്‌ട്രേലിയയിൽ എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. അവിടെ നിന്ന് ചെറിയ ബോട്ടുകളിൽ തീരത്തെത്തിച്ച ശേഷം, ട്രക്കിൽ കയറ്റി 20 മണിക്കൂറോളം സഞ്ചരിച്ചാണ് സിഡ്നിയിലെ സംഘം ഇത് ലണ്ടൻഡെറിയിലെത്തിച്ചത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ചരക്കുകപ്പൽ നിലവിൽ സോളമൻ ദ്വീപിൽ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘങ്ങളെ കണ്ടെത്താൻ ആഭ്യന്തര-അന്തർദേശീയ ഏജൻസി കളുമായി ചേർന്ന് അന്വേഷണം തുടരുമെന്ന് എ.എഫ്.പി കമാൻഡർ സ്റ്റീഫൻ ജേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *