സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്ത് ഇ-ബൈക്കുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ വരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-ബൈക്കുകൾ ഓടിക്കുന്നത് നിരോധിക്കാൻ മിൻസ് സർക്കാർ തീരുമാനിച്ചു. 2026 അവസാനത്തോടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. നിലവിൽ ഏത് പ്രായത്തിലുള്ള കുട്ടികൾക്കും ഇ-ബൈക്കുകൾ ഓടിക്കാം എന്ന നിയമമാണ് ഇതോടെ മാറുന്നത്.
സംസ്ഥാനത്ത് ഇ-ബൈക്കുകളുടെ എണ്ണം ഏകദേശം 7.6 ലക്ഷമായി ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നീക്കം. പത്തോ പതിനൊന്നോ വയസ്സുള്ള കുട്ടികൾ അതിവേഗതയിൽ ഓടുന്ന ഇത്തരം ബൈക്കുകൾ കൈകാര്യം ചെയ്യുന്നത് അതീവ അപകടകരമാണെന്ന് ഗതാഗത മന്ത്രി ജോൺ ഗ്രഹാം പറഞ്ഞു. പ്രാഥമിക സ്കൂൾ കുട്ടികൾക്ക് ഇത്തരം വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശാരീരിക ശേഷിയോ കാഴ്ചാ പരിധിയോ ഉണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾ പുറത്തിറങ്ങി സൈക്കിൾ ചവിട്ടണമെന്നും സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് സർക്കാരിന്റെ ആഗ്രഹമെന്നും എന്നാൽ അവരുടെ ജീവൻ അപകടത്തിലാക്കി കൊണ്ടുള്ള വിനോദം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപരിധി നിശ്ചയിക്കുന്നതിനായി ട്രാൻസ്പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു-വിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി 12-നും 16-നും ഇടയിലായി നിശ്ചയിക്കാനാണ് സാധ്യത. ഇതിനു പുറമെ, 2029 മുതൽ ഇ-ബൈക്കുകൾക്ക് 250 വാട്ട് മോട്ടോർ പവർ പരിധിയും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും നിജപ്പെടുത്തുന്ന യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. നിയമവിരുദ്ധമായ ഇ-ബൈക്കുകൾ പിടിച്ചെടുക്കാനും നശിപ്പിക്കാനും പോലീസിന് കൂടുതൽ അധികാരം നൽകും. ചില സൈക്കിൾ യാത്രക്കാർക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് റോഡ്‌സ് മന്ത്രി ജെനി ഐച്ചിസൺ പറഞ്ഞു.

