ഫ്രാൻസിൽ സ്കൈഡൈവിങ് വിമാനം തകർന്നു; 11 പേർ മരിച്ചു

പാരിസ്: ഫ്രാൻസിന്റെ വടക്കുകിഴക്കൻ മേഖലയിലെ ടോംബ്ലെയ്നിന് സമീപം സ്കൈഡൈവിങ് സംഘവുമായി പുറപ്പെട്ട ചെറുവിമാനം തകർന്നുവീണ് 11 പേർ മരിച്ചു. വിമാനത്തിലെ പൈലറ്റും 10 യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

നാൻസി–എസ്സേ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയായി പതിച്ചത്. മരിച്ചവരിൽ അഞ്ച് സ്കൈഡൈവിങ് പരിശീലകരും അഞ്ച് പരിശീലനാർഥികളും ഉൾപ്പെടുന്നു. വിമാനം ജനവാസ മേഖലയ്ക്ക് സമീപം തകർന്നുവീണെങ്കിലും നിലത്തുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫ്രഞ്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് മാനസിക പിന്തുണ ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *