വാഷിങ്ടൻ: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ വീശിയടിച്ച ശക്തമായ മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. 24 മണിക്കൂറിനുള്ളിൽ വായുമർദ്ദം കുത്തനെ ഇടിയുന്ന ‘ബോംബ് സൈക്ലോൺ’ (Bomb Cyclone) എന്ന പ്രതിഭാസമാണ് ഇത്രയും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിത്.
മഞ്ഞുവീഴ്ചയെത്തുടർന്ന് യുഎസിലുടനീളം 5000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക്, ബോസ്റ്റൺ, ന്യൂജേഴ്‌സി വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. പൊതുഗതാഗത സംവിധാനങ്ങളും പലയിടത്തും നിർത്തിവച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഏകദേശം 4.5 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി നൽകി. ചിലയിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദ്ദേശമുണ്ട്.
പലയിടങ്ങളിലും രണ്ട് അടിയിലധികം (60 സെന്റിമീറ്റർ) മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡ് ഐലൻഡിലെ വാർവികിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത് (3 അടിയിലധികം).
സ്ഥിതിഗതികൾ കണക്കിലെടുത്ത് വടക്കുകിഴക്കൻ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളോട് വീടുകളിൽ തന്നെ കഴിയാൻ അധികൃതർ നിർദ്ദേശിച്ചു.ഈ ആഴ്ച അവസാനത്തോടെ മേഖലയിൽ മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

