ഷെൻ യുൻ നൃത്തസംഘത്തിന് നേരെ ബോംബ് ഭീഷണി: പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാ പരിശോധന

കാൻബറ: അന്താരാഷ്ട്ര പ്രശസ്തമായ ‘ഷെൻ യുൻ’ (Shen Yun) നൃത്തസംഘത്തെ ലക്ഷ്യമിട്ടുണ്ടായ ബോംബ് ഭീഷണിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിയുടെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജ്’ ഒഴിപ്പിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച ‘ഫാലുൻ ഗോങ്’ എന്ന ആത്മീയ പ്രസ്ഥാനവുമായി ബന്ധമുള്ള ഈ നൃത്തസംഘത്തിന് ലഭിച്ച ഭീഷണി സന്ദേശത്തെത്തുടർന്നാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഷെൻ യുൻ നൃത്തപരിപാടിയുമായി മുന്നോട്ട് പോയാൽ വസതി തകർക്കുമെന്നും രക്തപ്പുഴ ഒഴുകുമെന്നുമായിരുന്നു ഇമെയിൽ വഴി ലഭിച്ച ഭീഷണി. “പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും വൻതോതിൽ നൈട്രോഗ്ലിസറിൻ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുമായി മുന്നോട്ട് പോയാൽ ലോഡ്ജ് തകർന്ന് തരിപ്പണമാകും,” എന്ന് ഇമെയിലിൽ വ്യക്തമാക്കിയിരുന്നു.

തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) വസതിയിലും പരിസരത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇത് ഒരു വ്യാജ ഭീഷണിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രധാനമന്ത്രിയെ വസതിയിൽ നിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ചൈനീസ് ഇടപെടലുകളെയും ഇത്തരം ‘ഹേറ്റ് ക്രൈമുകളെയും’ അനുവദിക്കില്ലെന്ന് ഫാലുൻ ദാഫ അസോസിയേഷൻ പ്രതിനിധി ലൂസി ഷാവോ പ്രതികരിച്ചു.

ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതാക്കൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചുവരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മാത്രം ഇത്തരം ആയിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ആഭ്യന്തര രാഷ്ട്രീയ വൈരാഗ്യം ഓസ്‌ട്രേലിയൻ മണ്ണിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതായും സുരക്ഷാ ഏജൻസികൾ ആശങ്കപ്പെടുന്നു. സംഭവത്തെ ‘അസ്വീകാര്യം’ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ, ഇതിനെതിരെ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. ഭീഷണികൾക്കിടയിലും കനത്ത സുരക്ഷയിൽ ഷെൻ യുൻ സംഘത്തിന്റെ ഗോൾഡ് കോസ്റ്റിലെ ഇന്നത്തെ പരിപാടി നിശ്ചയിച്ച പ്രകാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *