കാബൂൾ/ഇസ്‌ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി ആരംഭിച്ച പ്രത്യാക്രമണത്തിൽ 55 പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അവകാശപ്പെട്ടു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷം പുതിയ തലത്തിലെത്തിയത്.ഫെബ്രുവരി 22-ന് അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് താലിബാൻ സൈന്യം തിരിച്ചടി തുടങ്ങിയത്. അതിർത്തിയിലെ പാക്ക് സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സൂചന.അതിർത്തിയിലെ ഏറ്റുമുട്ടലിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ കാബൂളിലെ വിവിധ കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തി. ഇത് ജനവാസ മേഖലകളെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഇനി ഒത്തുതീർപ്പിനില്ലെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയ്ക്കായി തുറന്ന യുദ്ധത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു.ഫെബ്രുവരി 22-ന് അഫ്ഗാനിലെ നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, എഴുപതോളം ഭീകരരെ വധിച്ചുവെന്നാണ് പാക്കിസ്ഥാൻ അന്ന് അവകാശപ്പെട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണിപ്പോൾ. അതിർത്തിയിലെ സംഘർഷം മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.നിലവിൽ അതിർത്തി മേഖലകളിൽ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇരുഭാഗത്തും സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

