പെരുമഴയിൽ വലഞ്ഞ് സിഡ്‌നി; പൈപ്പ് പൊട്ടി ആയിരക്കണക്കിന് വീടുകളിൽ കുടിവെള്ളം മുടങ്ങി

സിഡ്‌നി: സിഡ്‌നിയുടെ വടക്കൻ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പ്രധാന ജലവിതരണ പൈപ്പ് തകർന്നതോടെ പതിനായിരക്കണക്കിന് ആളുകൾ കുടിവെള്ളമില്ലാതെ വലയുന്നു. ആർട്ടാർമൻ, ക്രൗസ് നെസ്റ്റ്, ഗ്രീൻവിച്ച്, ലെയ്ൻ കോവ്, നോർത്ത് സിഡ്‌നി ഉൾപ്പെടെയുള്ള പത്തോളം പ്രാന്തപ്രദേശങ്ങളിലെ ഏകദേശം 11,500 പ്രോപ്പർട്ടികളെയാണ് ജലക്ഷാമം ബാധിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ പലയിടങ്ങളിലും ജലവിതരണം പൂർണ്ണമായും നിലച്ചു

അറ്റകുറ്റപ്പണികൾക്കായി വില്ലോബി റോഡ് ഭാഗികമായി അടച്ചു. പൈപ്പിലെ ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും ജലവിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നും സിഡ്‌നി വാട്ടർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് സിഡ്‌നി സിബിഡിയിലെ സെന്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ദുരന്തം. ഗർത്തത്തിൽപ്പെട്ട ഒരു ഗ്രോസറി ഡെലിവറി ട്രക്ക് കഠിനശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. സമീപത്തെ സെന്റ് മേരീസ് കത്തീഡ്രൽ കോളേജിലെ വിദ്യാർത്ഥികളെ വെള്ളിയാഴ്ച നേരത്തെ വീട്ടിലേക്ക് അയച്ചിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ വെറും മൂന്ന് മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് സിഡ്‌നിയിൽ പെയ്തിറങ്ങിയത്. ഇതേത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് 42 പേരെ രക്ഷപ്പെടുത്തേണ്ടി വന്നു. സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഫെയർഫീൽഡിൽ നിന്ന് പന്ത്രണ്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാർക്കിൽ കുടുങ്ങിപ്പോയ ആറ് പേരെയും രക്ഷപ്പെടുത്തി. പെട്ടെന്നുണ്ടാകുന്ന മിന്നൽ പ്രളയത്തിൽ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്നും എസ്.ഇ.എസ് (SES) മുന്നറിയിപ്പ് നൽകി.

കനത്ത മഴ സിഡ്‌നിയുടെ ഗതാഗത സംവിധാനത്തെയും സാരമായി ബാധിച്ചു. അൻസാക് ബ്രിഡ്ജ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. എന്നാൽ, ശനിയാഴ്ച രാത്രി നടക്കുന്ന പ്രശസ്തമായ ‘മാർഡി ഗ്രാ’ പരേഡിന് മഴ തടസ്സമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. സിഡ്‌നിക്ക് പുറമെ ക്വീൻസ്‌ലൻഡിലെ ബേർഡ്‌സ്‌വില്ലിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ഒരു വർഷം ലഭിക്കേണ്ട മഴയുടെ 60 ശതമാനവും ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *