കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. കോൺസുലേറ്റിന് നേരെ നൂറുകണക്കിന് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
ഖമനയിയുടെ വധത്തിൽ പ്രതിഷേധിച്ച് ഷിയാ സംഘടനകൾ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ ജനാലകൾ അടിച്ചുതകർക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു.പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കറാച്ചി പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) എന്ന സൈനിക നീക്കത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിക്കൊപ്പം സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി, പ്രതിരോധ മന്ത്രി അസീസ് നസീർസാദെ എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

