നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്വകാര്യ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഹമിദ്ധാംന മേഖലയിലെ ‘ചാമുണ്ഡി എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.സ്ഫോടകവസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർമ്മാണ ശാലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നും ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ വർഷവും നാഗ്പൂരിലെ മറ്റൊരു സോളാർ എക്സ്പ്ലോസീവ്സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ അപകടങ്ങൾ ആവർത്തിക്കുന്നത് മേഖലയിലെ ഫാക്ടറികളുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

