വാഷിംഗ്ടൺ/ടെൽ അവീവ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ശനിയാഴ്ച സംയുക്ത സൈനിക നീക്കം നടത്തി. അമേരിക്ക ‘എപ്പിക് ഫ്യൂറി’ എന്നും ഇസ്രായേൽ ‘റോറിംഗ് ലയൺ’ എന്നും പേരിട്ടിരിക്കുന്ന ഈ വമ്പൻ ദൗത്യത്തിനെതിരെ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ദൗത്യത്തെ റഷ്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചപ്പോൾ, ഓസ്ട്രേലിയയും കാനഡയും അമേരിക്കയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്നത് ഇല്ലാതാക്കാനും അമേരിക്ക നടത്തിയ നീക്കത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി വ്യക്തമാക്കി. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഓസ്ട്രേലിയൻ മണ്ണിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണെന്നും, അദ്ദേഹത്തിൻ്റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കില്ലെന്നും അൽബനീസി കൂട്ടിച്ചേർത്തു. കാനഡയും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, ബ്രിട്ടൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും വിഷയത്തിൽ അതീവ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നത് അപകടകരമാണെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖമേനിയുടെ ഭരണമാറ്റത്തെ ചിലർ സ്വാഗതം ചെയ്തെങ്കിലും, അതിനായി സ്വീകരിച്ച സൈനിക മാർഗ്ഗങ്ങളെ അംഗീകരിക്കാൻ അവർ തയ്യാറായില്ല.
റഷ്യ, ബ്രസീൽ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സംയുക്ത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അമേരിക്കയുടെയും ഇറാന്റെയും നടപടികളെ ഒരുപോലെ തള്ളിക്കളയുന്ന നിലപാടാണ് സ്പെയിൻ സ്വീകരിച്ചത്. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെ ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

