സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ ആൺഡെൽ പാർക്കിലുള്ള ഒരു ബ്രോത്തലിൽ തോക്കുമായി എത്തിയ യുവാവ് പോലീസിനെ മുൾമുനയിൽ നിർത്തിയത് ഏഴു മണിക്കൂർ. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് തോക്കുധാരിയായ ഒരാൾ സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചു കയറിയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായി.
29 വയസ്സുകാരനായ യുവാവ് കെട്ടിടത്തിന് പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ ടാക്റ്റിക്കൽ ഓപ്പറേഷൻസ് യൂണിറ്റ് (Tactical Operations Unit), പബ്ലിക് ഓർഡർ ആൻഡ് റയട്ട് സ്ക്വാഡ് (Public Order and Riot Squad), പോൾഎയർ (PolAir) എന്നിവരുടെ സഹായം പോലീസ് തേടി. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപത്തെ റോഡുകൾ അടയ്ക്കുകയും സ്ഥാപനത്തിലെ ജീവനക്കാരെയും മറ്റുള്ളവരെയും അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.
ഏറെ നേരത്തെ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിൽ രാത്രി 8.45-ഓടെ പ്രതിയെ പോലീസ് കീഴ്പ്പെടുത്തി. ഇയാളുടെ പക്കൽ നിന്നും ഒരു വ്യാജ തോക്ക് (Replica Gun) കണ്ടെടുത്തു. അറസ്റ്റ് ചെയ്യുന്നതിനിടെ നിസ്സാര പരിക്കേറ്റ ഇയാളെ പോലീസ് കാവലിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് കാവൽ തുടരുകയാണ്. പ്രതിയുടെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

