ദോഹ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കിടെ ഖത്തറിൽ മലയാളിക്ക് പരുക്കേറ്റു. തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് (48) പരുക്കേറ്റത്. ഇദ്ദേഹത്തെ ദോഹയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഹിഷാം, കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളെ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തിരുന്നു. ഇങ്ങനെ തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ഹിഷാമിന് പരുക്കേറ്റത്.ഹിഷാമിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ദോഹയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതരും പ്രവാസി സംഘടനകളും അറിയിച്ചു.
തൃശൂർ ശ്രീ കേരളവർമ കോളജിലെ മുൻ വിദ്യാർഥിയും സർവകലാശാലാ തലത്തിലെ മികച്ച ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം. വർഷങ്ങളായി ഖത്തറിൽ പ്രവാസിയായി ജോലി ചെയ്തുവരികയാണ് അദ്ദേഹം.

