വാഷിംഗ്ടൺ: ഇറാന് എതിരായ സൈനിക നീക്കങ്ങളിൽ പിന്തുണ നൽകാത്തതിനെത്തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്.ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കായി സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സ്പാനിഷ് സർക്കാരിന്റെ നിലപാടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിന് കീഴിൽ വരാത്ത ഒരു സൈനിക നീക്കത്തിനും തങ്ങളുടെ മണ്ണിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ഹോസെ മാനുവൽ അൽബാരസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അമേരിക്ക തങ്ങളുടെ 15 ഇന്ധന നിറയ്ക്കൽ വിമാനങ്ങൾ (Refueling aircraft) സ്പെയിനിലെ റോട്ട, മോറോൺ താവളങ്ങളിൽ നിന്ന് ജർമ്മനിയിലേക്ക് മാറ്റിയിരുന്നു.
നാറ്റോ രാജ്യങ്ങൾ തങ്ങളുടെ ജിഡിപിയുടെ 5 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന യുഎസ് നിർദ്ദേശത്തെ സ്പെയിൻ എതിർത്തതും ട്രംപ് ചൂണ്ടിക്കാട്ടി.
സ്പെയിൻ നിലവിൽ 2 ശതമാനത്തോളംമാത്രമാണ് ചെലവഴിക്കുന്നത്.സ്പെയിനുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന് നിർദ്ദേശം നൽകിയതായി ട്രംപ് പറഞ്ഞു. “സ്പെയിനിൽ നിന്ന് നമുക്ക് ആവശ്യമുള്ള ഒന്നും തന്നെയില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

