സസ്യധിഷ്ഠിത പാൽ പാനീയങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഓസ്‌ട്രേലിയയിലെ ക്ഷീരകർഷകർ

മെൽബൺ: സസ്യങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും നിർമ്മിക്കുന്ന പാനീയങ്ങൾ ‘പാൽ’ എന്ന പേരിൽ വിപണനം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ക്ഷീരകർഷകർ പ്രതിഷേധം ശക്തമാക്കുന്നു. യുകെ സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാരിന് മേൽ സമ്മർദ്ദം മുറുകുന്നത്.

സ്വീഡിഷ് കമ്പനിയായ ഓട്‌ലി അവരുടെ പരസ്യങ്ങളിൽ ഉപയോഗിച്ചിരുന്ന ‘പോസ്റ്റ് മിൽക്ക് ജനറേഷൻ’ എന്ന വാചകം പിൻവലിക്കണമെന്ന് യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയിൽ ഓസ്‌ട്രേലിയയിലും നിയമനിർമ്മാണം വേണമെന്നാണ് കർഷകരുടെ ആവശ്യം. “മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളെ മാത്രമേ പാൽ എന്ന് വിളിക്കാവൂ എന്നും, വിപണന തന്ത്രങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും” ഓസ്‌ട്രേലിയൻ ഡയറി ഫാർമേഴ്‌സ് പ്രസിഡന്റ് ബെൻ ബെന്നറ്റ് വ്യക്തമാക്കി.

സസ്യങ്ങളിൽ നിന്നുള്ള പാനീയങ്ങളിൽ പാലിന്റെ അത്രയും പോഷകങ്ങളോ കാൽസ്യമോ ഇല്ലെന്നും അവയെ വെറും ‘ജ്യൂസ്’ എന്ന് വിളിക്കുന്നതാണ് ഉചിതമെന്നും കർഷകർ വാദിക്കുന്നു. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകാൻ ലേബലിംഗിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നാണ് ഇവരുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *