തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യാൻ വൈകുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്ത്. പ്രതികളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2026 ജൂലൈ 2-ാം തീയതി രാവിലെ 10 മണിക്ക് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ നാമജപയാത്ര സംഘടിപ്പിക്കും.
കഴിഞ്ഞ മെയ് 31-ാം തീയതി രാത്രിയിലാണ് കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറിയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ, ഓഫീസ് മുറി എന്നിവ തകർത്ത് പണം അപഹരിച്ച സംഘം, ശ്രീകോവിലിനുള്ളിൽ കടന്ന് മൂലവിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും പീഠത്തിൽ നിന്നും വിഗ്രഹം എടുത്തു മാറ്റുകയും ചെയ്തു.
കൃത്യം നടന്ന് ഒരു മാസക്കാലമായിട്ടും പ്രതികളെ കണ്ടെത്തുന്നതിൽ പോലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാൻ ഭക്തജനങ്ങൾ തീരുമാനിച്ചത്. പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി, ഹൈന്ദവ സംഘടനകൾ, വിവിധ ക്ഷേത്ര ഭരണസമിതികൾ തുടങ്ങിയവർ പോലീസിൽ പ്രത്യേക പരാതികൾ നൽകിയിരുന്നു. കൂടാതെ, മുന്നൂറിലധികം ഭക്തർ ഒപ്പിട്ട പരാതി സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് നേരിട്ടും നൽകിയിട്ടുണ്ട്.
അന്വേഷണത്തിൽ നടക്കുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച്, അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടിന് നാമജപയാത്ര നടത്തുന്നത്. അമ്മയുടെ എല്ലാ ഭക്തരും നാമജപയാത്രയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതിക്ക് വേണ്ടി ജനറൽ കൺവീനർ ആർ. അജി അഭ്യർത്ഥിച്ചു.

