ലുലു മാളിലെ പാർക്കിങ് ദുരിതം, യൂസഫലി ഇക്കയെ അറിയാതെ പ്രാകിപ്പോയെന്ന് നടി സരിത ബാലകൃഷ്ണൻ; ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കൊച്ചി : ഇടപ്പള്ളിയിലെ ലുലു മാളിൽ സിനിമ കാണാനെത്തിയപ്പോഴുള്ള പാർക്കിങ് ദുരിതവും സമയനഷ്ടവും തുറന്നുപറഞ്ഞ് നടി സരിത ബാലകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാളിലെ പാർക്കിങ് സംവിധാനത്തിലെ പോരായ്മകൾ കാരണം തനിക്ക് നേരിടേണ്ടി വന്ന മാനസിക വിഷമങ്ങളും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടിയാണ് നടി രംഗത്തെത്തിയത്. ടോൾ പ്ലാസകളിലെ ചെറിയ ക്യൂവിനെതിരെ പോലും പ്രതിഷേധിക്കുന്ന മലയാളികൾ, ലുലു മാളിലെ ഈ കൊള്ളമുതൽ പിരിവും ബുദ്ധിമുട്ടുകളും നിശബ്ദരായി സഹിക്കുകയാണെന്ന് താരം കുറിപ്പിലൂടെ വിമർശിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിയേറ്ററിൽ കൃത്യസമയത്ത് എത്തണമെന്ന ഉദ്ദേശത്തോടെയാണ് താൻ വീട്ടിൽ നിന്നിറങ്ങിയതെന്ന് സരിത പറയുന്നു. റോഡിലെ ബ്ലോക്കും ഗൂഗിൾ മാപ്പിന്റെ വഴിതെറ്റിക്കലുകളും കഴിഞ്ഞ് നാലരയോടെ ലുലു മാളിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോഴാണ് യഥാർത്ഥ ദുരിതം ആരംഭിച്ചത്. മാളിന്റെ ഗേറ്റ് മുതൽ പാർക്കിങ് സ്ലോട്ട് വരെയുള്ള യാത്രയ്ക്ക് അരമണിക്കൂറിലധികം സമയമാണ് എടുത്തത്.

വണ്ടി മുന്നോട്ട് എടുക്കാൻ പോലുമാകാതെ എസിയുടെ തണുപ്പിലിരിക്കുമ്പോൾ, ടാങ്കിലെ പെട്രോൾ വെറുതെ കത്തിയെരിയുന്ന ക്രൂരതയാണ് ഓർമ്മ വന്നത്. വണ്ടി ഓടാതെ കത്തിയെരിഞ്ഞ ആ പെട്രോളിന് ആരാണ് കണക്ക് പറയുകയെന്നും, ആ നിമിഷത്തിൽ മനസ്സിൽ അറിയാതെയാണെങ്കിലും യൂസഫലി ഇക്കയെ പ്രാകിപ്പോയെന്നും സരിത കുറിച്ചു.

അരമണിക്കൂർ നീണ്ട നിരങ്ങലിനൊടുവിൽ പാർക്കിങ് എൻട്രിയിൽ എത്തിയപ്പോഴാണ് ബ്ലോക്കിന്റെ കാരണം വ്യക്തമായത്. ടോൾ ഗേറ്റിലേതുപോലെ ഓരോ വണ്ടിയെയും തടഞ്ഞുനിർത്തി നമ്പർ നോക്കി, സമയം രേഖപ്പെടുത്തി, ‘ബൂം ബാരിയർ’ പൊക്കി വിടുന്ന അതി-ആധുനികമെന്ന് തോന്നിപ്പിക്കുന്ന പഴഞ്ചൻ സംവിധാനമാണ് അവിടെയുള്ളത്. ഒരു വണ്ടിക്ക് ഗേറ്റിൽ അരമണിക്കൂർ നഷ്ടപ്പെടുമ്പോൾ മുന്നിലുള്ള നൂറുകണക്കിന് വണ്ടികൾ പാർക്കിങ്ങിൽ എത്തുമ്പോഴേക്കും ഇന്ധനവും സമയവും പാഴായി ആവിയാകുകയാണെന്ന് നടി ചൂണ്ടിക്കാട്ടുന്നു.

പുറത്ത് റോഡിലെ ടോൾ പ്ലാസകളിൽ അല്പനേരം ക്യൂ നിന്നാൽ വലിയ രാഷ്ട്രീയ പ്രസംഗങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന ജനങ്ങൾ, ലുലു മാളിന്റെ ഗേറ്റിന് മുന്നിൽ മണിക്കൂറുകളോളം വണ്ടി ബ്ലോക്കിൽ കിടക്കുമ്പോൾ എന്തുകൊണ്ട് നിശബ്ദരായി സഹിക്കുന്നുവെന്നും താരം ചോദിക്കുന്നു.

പാർക്കിങ് സ്ലോട്ടിൽ എത്തിയപ്പോഴേക്കും വിയർത്തുകുളിച്ചു തളർന്നിരുന്നു. പിവിആർ മുകളിലത്തെ നിലയിലായതുകൊണ്ട്, ഒളിമ്പിക്‌സിൽ സ്വർണ്ണം നേടാനുള്ള വേഗത്തിലാണ് താൻ ഓടിയെത്തിയത്. ലിഫ്റ്റിന് കാത്തുനിൽക്കാൻ സമയമില്ലാത്തതിനാൽ പടവുകൾ കയറി ശ്വാസം മുട്ടി തിയേറ്ററിൽ ചെന്നിരുന്നപ്പോഴേക്കും സിനിമയുടെ ടൈറ്റിൽ കാണിക്കുന്ന സമയമായിരുന്നു. ആ ടെൻഷനും ദേഷ്യവും കാരണം ഹെവി എസിയുടെ തണുപ്പിലും അഗ്നിപർവ്വതത്തിന് നടുവിലായിരിക്കുന്നതുപോലെയാണ് തോന്നിയതെന്നും, മനസ്സ് ശാന്തമാകാൻ പിന്നീട് അരമണിക്കൂർ വേണ്ടിവന്നുവെന്നും സരിത വ്യക്തമാക്കുന്നു.

ഇത്രയും കഷ്ടപ്പെട്ട് അകത്ത് കയറി സിനിമ കണ്ട് തിരികെ ഇറങ്ങുമ്പോൾ പാർക്കിങ് ഫീസായി 50 രൂപ ഈടാക്കുന്നതിനെയും നടി ശക്തമായി വിമർശിച്ചു. ഈ അന്യായമായ പണപ്പിരിവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയും ഇനിയും തുടർന്നാൽ, സ്വന്തം സ്വാതന്ത്ര്യം പണയം വെച്ച് ഇനി ലുലുവിൽ സിനിമ കാണാൻ പോകില്ലെന്ന് വ്യക്തമാക്കിയാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘നിങ്ങളുടെ നാട്ടിലെ മറ്റു ഷോപ്പിങ് കോംപ്ലക്സുകളിലും ഇങ്ങനെയാണോ?’ എന്ന ചോദ്യവും സരിത ബാലകൃഷ്ണൻ ഉയർത്തുന്നുണ്ട്. വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ പോസ്റ്റ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *