ബെംഗളൂരു/അമരാവതി: കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗവും അതിന്റെ പാർശ്വഫലങ്ങളും കണക്കിലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണാടകയും ആന്ധ്രാപ്രദേശും. ഇന്ത്യയിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനങ്ങളായി ഇവ മാറി.
16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 2026-27 സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ മാനസികാരോഗ്യം, പഠനം, സ്വഭാവരൂപീകരണം എന്നിവയിൽ ഡിജിറ്റൽ മാധ്യമങ്ങൾ ചെലുത്തുന്ന ദോഷകരമായ സ്വാധീനം തടയുകയാണ് ഇതിന്റെ ലക്ഷ്യം.
ആന്ധ്രാപ്രദേശിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ അറിയിച്ചു. അടുത്ത 90 ദിവസത്തിനുള്ളിൽ ഈ നിയമം നടപ്പിലാക്കുമെന്നും, 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ നിയന്ത്രണം വേണോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

