മെൽബൺ: അനാവശ്യമായ വൈദ്യപരിശോധനകളും ശസ്ത്രക്രിയകളും തന്റെ ജീവിതം നരകതുല്യമാക്കിയെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ രാഷ്ട്രീയപ്രവർത്തകയും ഹോബ്സൺസ് ബേ സിറ്റി കൗൺസിൽ മുൻ മേയറുമായ ടോണി ബ്രിഫ. അപൂർവ്വമായ ‘ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി’ എന്ന അവസ്ഥയുമായി ജനിച്ച തനിക്ക്, ഡോക്ടർമാരുടെ തെറ്റായ തീരുമാനങ്ങൾ മൂലം പതിറ്റാണ്ടുകളോളം ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നതായി അവർ പറഞ്ഞു.
പുരുഷ ഹോർമോണുകളോട് ശരീരം പ്രതികരിക്കാത്ത ഒരവസ്ഥയാണിത്. സ്ത്രീശരീരപ്രകൃതിയാണെങ്കിലും അണ്ഡാശയത്തിന് പകരം ശരീരത്തിനുള്ളിൽ വൃഷണങ്ങളുമായാണ് ടോണി ജനിച്ചത്. എന്നാൽ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ഡോക്ടർമാർ, ഏഴാം വയസ്സിൽ ടോണിയുടെ ആരോഗ്യകരമായ വൃഷണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പതിനൊന്നാം വയസ്സു മുതൽ ഹോർമോൺ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നു. എല്ലുകളുടെ ബലക്ഷയം ഒഴിവാക്കാൻ ഇന്നും അവർക്ക് ഈ മരുന്നുകൾ തുടരേണ്ടതുണ്ട്.
കുട്ടിക്കാലത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നിരന്തരമായ പരിശോധനകൾക്ക് വിധേയയാകേണ്ടി വന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്ന് ടോണി ഓർക്കുന്നു. തന്റെ സമ്മതമില്ലാതെ നടത്തിയ ആ ശസ്ത്രക്രിയ ജീവിതത്തിലുടനീളം ലിംഗപരമായ ആശയക്കുഴപ്പങ്ങൾക്കും ആത്മവിശ്വാസമില്ലായ്മയ്ക്കും കാരണമായി. ശസ്ത്രക്രിയ നടന്നില്ലായിരുന്നെങ്കിൽ സ്വാഭാവികമായ രീതിയിൽ തന്നെ തന്റെ ശരീരം ടെസ്റ്റോസ്റ്റിറോണിനെ ഈസ്ട്രജനായി മാറ്റി പെൺകുട്ടിയായി വളരുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹപ്രായമെത്തിയപ്പോൾ ജനന സർട്ടിഫിക്കറ്റിൽ ലിംഗഭേദം ‘നിശ്ചിതമല്ല’ (Indeterminate) എന്ന് രേഖപ്പെടുത്തിയത് മറ്റൊരു പ്രതിസന്ധിയായി. ഓസ്ട്രേലിയയിലെ അന്നത്തെ നിയമമനുസരിച്ച് വിവാഹം കഴിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ന്യൂസിലൻഡിൽ പോയാണ് അവർ വിവാഹിതയായത്.
തിരിച്ചടികൾക്കിടയിലും ടോണി ബ്രിഫ കരുത്തുറ്റ പോരാട്ടം നടത്തി. ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിലും ഫെഡറൽ പോലീസിലും സേവനമനുഷ്ഠിച്ച അവർ, ഹോബ്സൺസ് ബേ സിറ്റി കൗൺസിലിൽ മേയറായും ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ടോണി ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. താനൊരു രോഗിയോ വൈകല്യമുള്ളവളോ ആയിരുന്നില്ലെന്നും, സമൂഹം തന്നെ സാധാരണ രീതിയിൽ കണ്ടിരുന്നെങ്കിൽ ജീവിതം ഇതിലും മനോഹരമാകുമായിരുന്നുവെന്നും അവർ പറഞ്ഞു.

