ശക്തമായ കടലാക്രമണം; തകർച്ചയുടെ വക്കിൽ കാരവൻ പാർക്കും ഹോട്ടലും

പെർത്ത്: ശീതകാലത്തുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ വിനോദസഞ്ചാര തീരപ്രദേശം കടലെടുക്കുന്നു. ലാൻസെലിൻ തീരത്തെ പ്രശസ്തമായ ‘ലാൻസെലിൻ നോർത്ത് എൻഡ് കാരവൻ പാർക്ക്’, സമീപത്തെ പ്രമുഖ പബ്ബായ ‘ലാൻസെലിൻ സാൻഡ്സ് ഹോട്ടൽ’ എന്നിവയാണ് ഏതുനിമിഷവും കടലിൽ പതിക്കാവുന്ന രീതിയിൽ തകർച്ചയുടെ വക്കിലായിരിക്കുന്നത്.

കഴിഞ്ഞ 42 വർഷമായി ജാൻ, ഗാരി സ്ക്രെയ്ഗ് ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാരവൻ പാർക്ക്. മൂന്ന് വർഷത്തിനിടയിൽ മുപ്പത് മീറ്ററിലധികം മണൽത്തിട്ടയാണ് കടലെടുത്തത്. ഇതോടെ തങ്ങളുടെ ജീവനോപാധി പൂർണ്ണമായും ഇല്ലാതാകുമെന്ന ഭീതിയിലാണ് ഈ കുടുംബം. ഹോട്ടൽ ഉടമയായ ഗ്ലെൻ ട്രെബിലോക്ക് തന്റെ സ്ഥാപനത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തരമായി ഒന്നരലക്ഷം ഡോളർ സമാഹരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, തീരത്തിന്റെ തകർച്ച ഇപ്പോഴും തുടരുകയാണ്.

അടുത്ത കുറച്ചു ദിവസങ്ങളിലായുണ്ടായ ശക്തമായ തിരമാലകളാണ് തീരത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ എത്തിച്ചത്. 2050-ഓടെ പ്രാദേശിക കൗൺസിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വലിയ തോതിലുള്ള തീരശോഷണമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ബീച്ചിന് മുന്നിലെ പൊതുവായ നടപ്പാത ഇതിനകം തന്നെ കടലെടുത്തു കഴിഞ്ഞു. താഴ്ന്ന പ്രദേശമായതിനാൽ കടൽവെള്ളം കയറിയാൽ പ്രദേശം മുഴുവൻ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് ദമ്പതികളുടെ മകൾ ഷെറി ഒ നീൽ ആശങ്ക പ്രകടിപ്പിച്ചു. കടലാക്രമണത്തിന് ശാശ്വതമായ പരിഹാരമായി അടിയന്തരമായി കടൽഭിത്തി നിർമ്മിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *