വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ഹനോയ്: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും. മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലേക്ക് മാറ്റിയ ശേഷം ആവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വിമാനമാർഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 17 പേരിൽ 16 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അവർ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും എംബസി അറിയിച്ചു. ഒരാൾ ഇപ്പോഴും ഫു ക്വോക്കിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

32 ഇന്ത്യൻ വിനോദസഞ്ചാരികളെയും നാല് വിയറ്റ്നാമീസ് ജീവനക്കാരെയും വഹിച്ച സ്പീഡ് ബോട്ട് ഹോൺ മെയ് റൂട്ട് ന്ഗോയ് ദ്വീപിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ മറിഞ്ഞതാണ് അപകടം. മരിച്ചവരിൽ പത്ത് പേർ തമിഴ്നാട്ടിൽ നിന്നും മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നും രണ്ട് പേർ കേരളത്തിൽ നിന്നുമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും ലാവ ഇന്റർനാഷണൽ കമ്പനിയുടെ ജീവനക്കാരും വിതരണ പങ്കാളികളും ആയിരുന്നു.

അപകടത്തെ തുടർന്ന് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്ത് ജലഗതാഗത സുരക്ഷാ ചട്ടലംഘനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *