ന്യൂഡൽഹി: ഐസിസി ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തരുതെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെ ഫൈനലിലും നിലനിർത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഫൈനലിൽ എത്തിയ ടീമിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. സെമിയിൽ കളിച്ച അതേ ഇലവനെ തന്നെ ഫൈനലിലും ഇറക്കണം.ടൂർണമെന്റിൽ ചില മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മയെ ടീം പിന്തുണയ്ക്കണമെന്ന് ചോപ്ര പറഞ്ഞു. നിലവിൽ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരത്തെ മാറ്റുന്നത് ടീമിനെ ബാധിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
സ്പിൻ നിരയിൽ വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ സജീവമാണെങ്കിലും, വരുണിൽ തന്നെ വിശ്വാസമർപ്പിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. നിർണ്ണായക മത്സരങ്ങളിൽ മികച്ച തിരിച്ചുവരവ് നടത്താൻ വരുണിന് സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

