ഇടുക്കി: നാടിന്റെ വികസനക്കുതിപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം അതീവ ശ്രദ്ധേയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘വിമൻ എംപവർമെന്റ് കോൺഗ്രസ്-2026’-ഉം പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം എക്കാലവും സ്ത്രീപക്ഷ ചിന്തകളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയത്. നിർഭയ പദ്ധതി, പിങ്ക് പോലീസ് എന്നിവയിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ കഴിഞ്ഞു. 30 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ പത്തു ലക്ഷം പേർക്ക് തുക കൈമാറി. 3520 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. കേരളത്തിലെ സംരംഭകരിൽ കാൽ ലക്ഷത്തോളം പേർ സ്ത്രീകളാണെന്നത് അഭിമാനകരമാണെന്നും എല്ലാ മേഖലകളിലും തുല്യനീതി ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദേശീയ ക്രിക്കറ്റ് താരം സജ്‌ന സജീവൻ, എഴുത്തുകാരിയും ജെ.സി. ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി എന്നിവരെ ആദരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. വനിതാദിന പ്രൊമോഷൻ ഗാനത്തിന്റെയും ‘സമവായന’ എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശനം ദേവികുളം സബ് കളക്ടർ ആര്യ വി.എം നിർവഹിച്ചു. ‘മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്’ എന്ന വിഷയത്തിൽ ശരത് ടി.ആർ ക്ലാസ് നയിച്ചു.
ജനപ്രതിനിധികളും കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷൻ ഭാരവാഹികളും കുട്ടിക്കാനം മരിയൻ കോളേജ് അധികൃതരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.


