ബോണ്ടി വെടിവെപ്പിൽ മകൾ നഷ്ടപ്പെട്ട ദമ്പതികൾ സിഡ്നിയിൽ വിവാഹിതരായി

സിഡ്നി: ബോണ്ടി വെടിവെപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ പത്തുവയസ്സുകാരി മാറ്റിൽഡയുടെ മാതാപിതാക്കൾ സിഡ്നിയിൽ വിവാഹിതരായി. വാലന്റീന പോൾട്ടാവ്ചെങ്കോയും മൈക്കൽ ബ്രിട്ടനും ഇന്നലെ സിഡ്നി ഹാർബറിന്റെ തീരത്തുള്ള അഡ്മിറൽറ്റി ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരായത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങായിരുന്നു ഇതെന്ന് മൈക്കൽ ബ്രിട്ടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “വളരെ കുറച്ചുപേർ മാത്രം പങ്കെടുക്കുന്ന, ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ശാന്തവും ലളിതവുമായ ഒരു ചടങ്ങാണ് ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നത്,” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ഡിസംബർ 14-ന് ബോണ്ടി ബീച്ചിൽ നടന്ന ‘ഹനൂക്ക ബൈ ദ സീ’ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് മാറ്റിൽഡ കൊല്ലപ്പെട്ടത്. സെയ്ദ് അക്രം, നവീദ് അക്രം എന്നിവർ നടത്തിയ ആക്രമണത്തിൽ മാറ്റിൽഡ ഉൾപ്പെടെ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഉക്രെയ്നിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ് വാലന്റീനയും മൈക്കലും. ഓസ്‌ട്രേലിയയിൽ ജനിച്ച തങ്ങളുടെ ആദ്യ കൺമണിക്ക് ഏറ്റവും അനുയോജ്യമായ ഓസ്‌ട്രേലിയൻ പേര് വേണമെന്ന ആഗ്രഹത്തിലാണ് അവർ മകൾക്ക് മാറ്റിൽഡ എന്ന് പേരിട്ടത്.

മകളുടെ മരണം ഒരു രാഷ്ട്രീയ ചിഹ്നമായി മാറരുതെന്നും സമൂഹത്തിൽ ഐക്യമുണ്ടാകണമെന്നുമാണ് ദുരന്തത്തിന് പിന്നാലെ മാതാപിതാക്കൾ അഭ്യർത്ഥിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *