കാൻബറ: മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ ഓസ്‌ട്രേലിയയിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നു. ഡീസൽ ലഭ്യത കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായെന്നും ഇന്ധനവില നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.
വൻകിട എണ്ണക്കമ്പനികൾ അമിതലാഭം കൊയ്യുകയാണെന്ന ആരോപണങ്ങൾക്കിടെ, നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് പറഞ്ഞു. സാധാരണക്കാർക്ക് സർവീസ് സ്റ്റേഷനുകളിൽ നിന്ന് ഇന്ധനം ലഭിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ആവശ്യമായ വിതരണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ ശേഖരം ഉണ്ടെങ്കിലും വൻകിട കമ്പനികൾ അത് ചെറുകിട മൊത്തക്കച്ചവടക്കാർക്കും സ്വതന്ത്ര വിതരണക്കാർക്കും നൽകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ പല റിഫൈനറികളും തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് ചില്ലറ വിൽപ്പന ശാലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കാർഷിക ആവശ്യങ്ങൾക്കുള്ള മൊത്തവിതരണം നിലച്ചു. വ്യാഴാഴ്ച മുതൽ തങ്ങൾക്ക് ഇന്ധന വിതരണത്തിൽ ക്വാട്ട ഏർപ്പെടുത്തിയതായും വെള്ളിയാഴ്ചയോടെ വിതരണം പൂർണ്ണമായും നിലച്ചതായും കർഷകനായ ലെയ്‌റ്റൺ ഫ്രീ വ്യക്തമാക്കി.
വാഹനയാത്രക്കാർക്കുള്ള ഇന്ധനവില നിരീക്ഷിക്കുന്നതുപോലെ കർഷകർക്കുള്ള ഇന്ധനവിലയും ലഭ്യതയും നിരീക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിന് കത്തയച്ചു. ഇന്ധന സുരക്ഷാ പ്രശ്നം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങൾ സൈനിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കുന്നത് ഓസ്‌ട്രേലിയയുടെ സജീവ പരിഗണനയിലാണ്

