സിഡ്നി: മലയാളി സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട സംഗീത പരിപാടികളിലൊന്നായി മാറിയ “മധുരിക്കും ഓർമ്മകൾ” പത്താം സീസണിലേക്ക് എത്തുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ സംഗീത പരിപാടി കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ രണ്ട് വർഷം നടത്താനായില്ല.സിഡ്നിയിലെ പ്രഗൽഭരായ ഗായകരെ ഉൾപ്പെടുത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ എഴുപത്, എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിൽ പിറന്ന സുവർണ്ണ ഗാനങ്ങൾ കോർത്തിണക്കിയതാണ് ഈ പരിപാടി.
ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത കുട്ടികൾക്കായി നടത്തപ്പെടുന്ന “വിടരുന്ന മൊട്ടുകൾ ” എന്ന
സെഗ്മെന്റാണ് . അതോടൊപ്പം തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും നൃത്താവിഷ്കാരങ്ങളും ഈ പരിപാടിയോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.
പത്താം സീസണിലേക്ക് എത്തുമ്പോൾ സ്റ്റാർ സിംഗർ ഫൈനലിസ്റ്റും പിന്നണി ഗായകനുമായ വിവേകാനന്ദൻ ആണ് ഇത്തവണ എത്തുന്നത്. ഒപ്പം തന്നെ കീബോർഡിസ്റ്റ് ലിജോ ലീനോസ്, പർക്കഷനിസ്റ്റ് ലിനുലാൽ എന്നിവരും വിവേകാനന്ദനോടൊപ്പം എത്തുന്നുണ്ടെന്നും ഇതിൻ്റെ സംഘാടകരായ സിഡ്നി ആർട്ട് ലവേഴ്സ്ൻ്റെ പ്രസിഡണ്ട് കെ.പി. ജോസ് അറിയിച്ചു.
ഒപ്പം സിഡ്നിയിലെ ഗായകരുടെ യുഗ്മ ഗാനങ്ങളും “വിടരുന്ന മൊട്ടുകൾ ” പരിപാടിയും ഇക്കുറിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ റിതംമിക് വൈബ്സ് ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്ത ആവിഷ്കാരവും നടക്കും. സിഡ്നിയിലെ സംഗീത ആസ്വാദകർക്ക് ഏറ്റവും നല്ല വേദി നൽകുവാൻ ഉദ്ദേശിച്ച് ഡ്യൂറലിലുള്ള സംഗീതത്തിനായി ഡിസൈൻ ചെയ്തിട്ടുള്ള പെർഫോമിംഗ് ആർട്സ് സെന്ററിലാണ് ഇക്കുറി പരിപാടി നടത്തുന്നത്.തിയേറ്റർ സ്റ്റൈലിലുള്ള ഈ ഹാൾ മികച്ച സൗണ്ട് സംവിധാനങ്ങളും ലൈറ്റ് സംവിധാനങ്ങളും കൂടാതെ എയർ കണ്ടീഷൻ സൗകര്യവും ഉള്ളതാണ്.
ഈ പരിപാടിയുടെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നുണ്ടെന്നും ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Ticket Link- https://app.orgnyse.com.au/417/madhurikkum-ormakal-season-10

