ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു; വിടവാങ്ങിയത് 93-ാം വയസ്സിൽ

ന്യൂയോർക്ക്: ടോപ്പ് ഗൺ, ഏലിയൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. സ്വാഭാവിക കാരണങ്ങളാലാണ് മരണമെന്ന് കുടുംബം അറിയിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം.

1986-ൽ പുറത്തിറങ്ങിയ ടോപ്പ് ഗൺ സിനിമയിൽ മൈക്ക് ‘വൈപ്പർ’ മെറ്റ്കാഫ് എന്ന നാവികസേനാ പരിശീലകന്റെ വേഷത്തിലാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ടോം ക്രൂസ് അവതരിപ്പിച്ച മാവറിക് ഉൾപ്പെടെയുള്ള പൈലറ്റുമാരുടെ പരിശീലകനായുള്ള കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. റിഡ്‌ലി സ്കോട്ടിന്റെ 1979-ലെ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ഏലിയൻ എന്ന സിനിമയിൽ ബഹിരാകാശ പേടകമായ നൊസ്ട്രോമോയുടെ ക്യാപ്റ്റൻ ഡാളസായും അദ്ദേഹം അഭിനയിച്ചു.

1970-ൽ പുറത്തിറങ്ങിയ MASH* എന്ന ചിത്രത്തിലെ ഡ്യൂക്ക് ഫോറസ്റ്റ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ്. സ്റ്റീൽ മാഗ്നോളിയാസ്, എ റിവർ റൺസ് ത്രൂ ഇറ്റ്, കോൺടാക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

സിനിമയ്ക്കു പുറമേ ടെലിവിഷൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 1992 മുതൽ 1996 വരെ സംപ്രേഷണം ചെയ്ത പിക്കറ്റ് ഫെൻസസ് എന്ന പരമ്പരയിൽ ഷെരീഫ് ജിമ്മി ബ്രോക്കിനെ അവതരിപ്പിച്ചു. ഈ വേഷത്തിന് 1993-ൽ മികച്ച ഡ്രാമ പരമ്പരാ നടനുള്ള പ്രൈംടൈം എമ്മി പുരസ്കാരം ലഭിച്ചു.

1933 ഓഗസ്റ്റ് 25-ന് അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലാണ് ടോം സ്കെറിറ്റ് ജനിച്ചത്. അഭിനയരംഗത്തെത്തുന്നതിന് മുമ്പ് യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ സിനിമയിലും ടെലിവിഷനിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *