ദേ അമ്മേ,
ഞാനിപ്പോ വരാന്ന്
ഒരു കുംഭകാറ്റിനോപ്പം
ഇറങ്ങിപ്പോയോനാണ്..
അച്ഛാ,ന്നെ കാത്തിരിക്കേണ്ട..
ഉണ്ണാൻ ഞാനുണ്ടാവില്ലെന്ന്
ഒരു ബൈക്കിന്റെ അലർച്ചയ്ക്കൊപ്പം അകന്നുപോയോനാണ്..
കൈയ്യോ കാലോ വളരണെന്ന്
ആറ്റുനോറ്റൊരമ്മേമച്ഛനും
പത്തിരുപത് കൊല്ലമായിങ്ങനെ
മകനോളം വലുതായോരാധി കുടിച്ച്
കാത്തു കാത്തിരുന്ന് ചുക്കിച്ചുളിയുന്നു..
കാണായ കാവിലും
നാട്ടമ്പലമുറ്റത്തൊക്കെയും
ഉത്സവങ്ങളനെ കൊടിയേറി ആകാശത്തേക്ക്
കൊട്ടിക്കേറുമ്പോൾ..
അച്ഛനുമമ്മേം അണിഞ്ഞൊരുങ്ങും മുമ്പ്
ആകെയുള്ള പുത്തനുടുപ്പും
ചോരത്തുടിപ്പും
ഒന്നിച്ചണിഞ്ഞ്
ഓനൊരൊറ്റപ്പോക്കുണ്ട്..
പാടോം കവലേം
പൂരപ്പൊലിമയിലേക്ക്
പൂത്തുലഞ്ഞ
ഗ്രാമവീടുകളൊക്കെക്കടന്ന്
മുറുക്കിപെരുക്കിയ ചെണ്ടത്താളത്തെക്കാൾ
വേഗത്തിൽ
പൂരപ്പറമ്പിലേക്കവൻ
വർണ്ണപ്പമ്പരമാകും.
അന്നൊരീസം
കാവിലെപ്പൂരത്തിന്
ചങ്ങാതിക്കൂട്ടത്തിനൊപ്പം
തിറയാട്ടം കണ്ടാവേശം മൂത്തെന്നോ,
അറിയാത്ത നേരത്തൊരബദ്ധം പോലെയാരെയോ തുറിച്ചു നോക്കീന്നോ
ഏതാണ്ടൊക്കെയോ
പറഞ്ഞെന്നോ കേട്ടുവത്രെ..
കള്ളുമോന്തിയോനില്ലല്ലോ
കണ്ണും മൂക്കും.
കഞ്ചാവ് പുകച്ചോനുബന്ധവും സ്വന്തവും.
ലഹരിക്കാട് തലയിലേറ്റിയൊരഞ്ചെട്ടിരുകാലിജന്തുക്കൾ ഹൃദയമില്ലാത്തവർ, തല്ലിച്ചതച്ചാകുമാരന്റെ
തലയോട് തകർന്നെന്ന് ആശുപത്രിച്ചുമരിലേക്കൊരലർച്ചയപ്പോൾ
ചുടുചോരയായൊലിച്ചിറങ്ങി…
ഉമ്മറക്കോലായിൽ വെളിച്ചം കെടുത്താതെ, ഉമ്മറവാതിലടച്ചു കൊളുത്തിടാതെ,
ഊണുമേശയിലെ
റേഷനരിച്ചോറിൽ
വെള്ളമൊഴിക്കാതെ,യുറങ്ങാതെ,
മിണ്ടാതെ, ചിരിക്കാതെ,
അവനെക്കാത്തുരണ്ടവശമേനികൾ..
പുത്തനണിഞ്ഞു
പൂത്തൊരാവേശത്തിമർപ്പേന്തി
കാവിലേക്കോടിയോൻ
വെള്ളത്തുണിക്കെട്ടിൽപ്പൊതിഞ്ഞ്,
എപ്പൊഴോ മരിച്ചുപോയൊരാ വീടിന്റെയുമ്മറത്ത്
ന്റെ മോനേന്നാർത്തു
സ്വബോധമറ്റുരുകിവീണ
രണ്ടാത്മാക്കൾക്കൊപ്പമത്രേ
വെറുങ്ങലിച്ചു കിടന്നത്..

