ആരോഗ്യകരമായ ജീവിതത്തിന് പത്ത് ലളിതമായ ദിനചര്യകൾ

നമ്മുടെ നിത്യജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വഴി ശാരീരികവും മാനസികവുമായ ആരോഗ്യം വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കും. തുടക്കത്തിൽ വളരെ എളുപ്പത്തിൽ പരിശീലിക്കാനും പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കാനും കഴിയുന്ന പത്ത് ലളിതമായ ശീലങ്ങൾ താഴെ പറയുന്നവയാണ്:

1. ധാരാളം വെള്ളം കുടിക്കുക :മനുഷ്യ ശരീരത്തിന്റെ 60 ശതമാനവും വെള്ളമാണ്. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വർദ്ധിപ്പിക്കും. ദിവസേന കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കഠിനാധ്വാനവും വ്യായാമവും ചെയ്യുന്നവർക്ക് ഇതിലും കൂടുതൽ വെള്ളം ആവശ്യമായി വരാം. അതിനാൽ എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതുന്നത് ശീലമാക്കുക.

2. ആവശ്യത്തിന് ഉറങ്ങുക : പലരും വേണ്ടത്ര പ്രാധാന്യം നൽകാത്ത ഒന്നാണ് ഉറക്കം. എന്നാൽ മുതിർന്ന ഒരാൾക്ക് ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. നല്ല ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരഭാരം നിയന്ത്രിക്കുന്നതിനും കൃത്യമായ ഉറക്കം അനിവാര്യമാണ്.

3. സമീകൃതാഹാരം ശീലമാക്കുക :പോഷകഗുണമുള്ള ആഹാരം കഴിക്കുക എന്നത് സങ്കീർണ്ണമായ കാര്യമല്ല. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ലീൻ പ്രോട്ടീനുകൾ, ധാന്യങ്ങൾ, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയ പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കുകയുള്ളൂ.

4. ദിവസവും ശരീരം അനങ്ങുക :ആരോഗ്യത്തിനായി ജിമ്മിൽ പോയി കഠിനമായ വർക്കൗട്ടുകൾ ചെയ്യണമെന്ന് നിർബന്ധമില്ല. ദിവസവും 30 മിനിറ്റെങ്കിലും ലളിതമായ നടത്തം, സ്ട്രെച്ചിങ് അല്ലെങ്കിൽ യോഗ എന്നിവയിലേതെങ്കിലും ചെയ്യുക. ഇത് ശരീരത്തിലെ എനർജി ലെവൽ കൂട്ടാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ളതും സ്ഥിരമായി കൊണ്ടുപോകാൻ കഴിയുന്നതുമായ ശാരീരിക വിനോദങ്ങൾ കണ്ടെത്തുക.

5. മെഡിറ്റേഷൻ അല്ലെങ്കിൽ മൈൻഡ്ഫുൾനെസ്സ് :തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മെഡിറ്റേഷൻ സഹായിക്കും. ദിവസവും രാവിലെ 10 മുതൽ 15 മിനിറ്റ് വരെ ശാന്തമായി ഇരുന്ന് സ്വന്തം ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ലളിതമായ പരിശീലനം മനസ്സിനെ ശാന്തമാക്കാനും ആ ദിവസത്തെ പോസിറ്റീവായി മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും.

6. സ്ക്രീൻ സമയം കുറയ്ക്കുക: ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവയുടെ നിരന്തരമായ ഉപയോഗം കണ്ണുകൾക്ക് വലിയ ആയാസമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ’20-20-20′ റൂൾ ഫോളോ ചെയ്യാം. അതായത് ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 അടി ദൂരത്തിലുള്ള ഏതെങ്കിലും വസ്തുവിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് നോക്കി നിൽക്കുക. ഇത് കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കും. കൂടാതെ ദിവസവും കുറച്ചു സമയം ഡിജിറ്റൽ ലോകത്തുനിന്ന് മാറി പുസ്തകം വായിക്കാനോ, നടക്കാനോ, പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാനോ മാറ്റിവെക്കുക.

7. നന്ദിയുള്ളവരായിരിക്കുക : ജീവിതത്തിൽ നമുക്ക് ലഭിച്ച നല്ല കാര്യങ്ങളെക്കുറിച്ച് ഓർക്കുകയും അതിൽ നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നത് മാനസിക സന്തോഷം നൽകും. ദിവസവും നിങ്ങൾ കൃതജ്ഞതയുള്ള മൂന്ന് കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതിവെക്കുക. ഇത് സമ്മർദ്ദം കുറയ്ക്കാനും ജീവിതത്തോടുള്ള കാഴ്ചപ്പാട് പോസിറ്റീവാക്കാനും സഹായിക്കും.

8. ഇരിപ്പിലും നിൽപ്പിലും ശ്രദ്ധിക്കുക : ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും കൃത്യമായ ശരീരഭംഗി (Posture) നിലനിർത്താൻ ശ്രദ്ധിക്കുക. ഇത് പേശികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന അനാവശ്യ സ്ട്രെയിൻ ഒഴിവാക്കും. കൂടാതെ ശ്വസനപ്രക്രിയ സുഗമമാക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും നല്ല പോസ്റ്റർ സഹായിക്കും.

9. മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക: ഭക്ഷണത്തിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് ശരീരഭാരം കൂടാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും. അതിനാൽ മധുരപാനീയങ്ങൾ, പ്രോസസ്ഡ് ഫുഡ്സ് എന്നിവ പരമാവധി ഒഴിവാക്കി പകരം പഴങ്ങൾ പോലെയുള്ള സ്വാഭാവിക മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുക.

10. സ്വയം പരിപാലനത്തിന് സമയം കണ്ടെത്തുക : എത്ര തിരക്കുപിടിച്ച ജീവിതമാണെങ്കിലും സ്വന്തം മനസ്സിനും ശരീരത്തിനും റീചാർജ് ചെയ്യാനായി കുറച്ചു സമയം മാറ്റിവെക്കണം. അത് പുസ്തകം വായനയോ, ഒരു നല്ല കുളിയോ, പ്രകൃതിയോടൊപ്പം സമയം ചിലവഴിക്കലോ അല്ലെങ്കിൽ നിങ്ങൾക്ക് സന്തോഷം തരുന്ന മറ്റെന്തെങ്കിലും കാര്യങ്ങളോ ആകാം.

ഈ പത്ത് ശീലങ്ങളും ഒന്നിച്ച് തുടങ്ങാതെ, ആദ്യ ഘട്ടത്തിൽ രണ്ടോ മൂന്നോ ശീലങ്ങൾ മാത്രം തിരഞ്ഞെടുത്ത് പരിശീലിക്കുക. പിന്നീട് പടിപടിയായി ബാക്കിയുള്ളവയും ജീവിതത്തിന്റെ ഭാഗമാക്കുക. ജീവിതത്തിലെ ചെറിയതും തുടർച്ചയായതുമായ ഇത്തരം മാറ്റങ്ങളാണ് വലിയ നല്ല റിസൾട്ടുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *