വാർത്താസമ്മേളനത്തിലെ പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ; ജൂലൈ 15

തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ഏകോപനവും ഫയൽ നീക്കവും വേഗത്തിലാക്കാൻ പൊതുഭരണ വകുപ്പിന് കീഴിൽ പുതിയ സംവിധാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ‘ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ എൻജിനീയറിങ് സെൽ’ എന്ന പേരിലായിരിക്കും ഈ പുതിയ സംവിധാനം രൂപീകരിക്കുക. ജൂലൈ 15 ബുധനാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഫയൽ നീക്കത്തിലെ കാലതാമസവും കാരണം പ്രധാനപ്പെട്ട പല തീരുമാനങ്ങളും കൃത്യസമയത്ത് എടുക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇതിന് പരിഹാരമായി മുൻപ് പ്രഖ്യാപിച്ചതുപോലെ ഒരു ഡാറ്റാ ഡ്രിവൻ ഗവർണൻസിലേക്ക് (Data-driven governance) സർക്കാർ മാറുകയാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓരോ വകുപ്പിലും നടക്കുന്ന കാര്യങ്ങളും ഫയലുകളുടെ യഥാർത്ഥ തൽസ്ഥിതിയും (Position) അതാത് വകുപ്പുകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ചീഫ് സെക്രട്ടറിയുടെ ഓഫീസിനും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.

സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പദ്ധതികളുടെ ഏകോപനവും പ്രോജക്ട് മാപ്പിങ്ങും ഇതിലൂടെ നിർവഹിക്കും. പദ്ധതികൾ നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടപ്പെടുന്നത്. 100 കോടിയുടെ പദ്ധതികൾ സമയബന്ധിതമായി തീർക്കാതെ പത്ത് വർഷത്തോളം നീളുമ്പോൾ അത് 1000 കോടിയായി മാറുന്ന അവസ്ഥയുണ്ട്. പ്രോജക്ട് ഇംപ്ലിമെന്റേഷനിലെ ഈ പോരായ്മകൾ പരിഹരിക്കാൻ കൃത്യമായ പ്രോട്ടോക്കോളും അക്കൗണ്ടബിലിറ്റിയും (ഉത്തരവാദിത്തം) നിശ്ചയിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈസ്പീഡ് റെയിൽവേ: ഡി.എം.ആർ.സി റിപ്പോർട്ട് അപൂർണ്ണമെന്ന് വിദഗ്ദ്ധ സമിതി

സംസ്ഥാനത്തെ അതിവേഗ റെയിൽപാതയുമായി (High-Speed Rail) ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അപൂർണ്ണമാണെന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. റെയിൽവേ, ധനകാര്യം, പരിസ്ഥിതി മേഖലകളിലെ വിദഗ്ദ്ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താതെയോ സാമ്പത്തിക മോഡൽ നിശ്ചയിക്കാതെയോ ആണ് ഡി.എം.ആർ.സി റിപ്പോർട്ട് തന്നിരിക്കുന്നത്. കൂടാതെ യാതൊരുവിധ പാരിസ്ഥിതിക-സാമൂഹ്യ ആഘാത പഠനങ്ങളും ഇതിനായി നടത്തിയിട്ടില്ല. മുൻപ് കെ-റെയിൽ പദ്ധതിക്ക് സംഭവിച്ചതുപോലെ പാരിസ്ഥിതിക പഠനങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്ന അപകടം ആവർത്തിക്കരുത് എന്ന് സമിതി കർശനമായി ശുഭാർശ ചെയ്തിട്ടുണ്ട്. അതിനാൽ നിലവിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നടപടികളോ ആരംഭിക്കില്ല.

തുറമുഖാധിഷ്ഠിത-വിമാനത്താവളാധിഷ്ഠിത വികസനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചരക്ക് ഗതാഗതത്തിനുള്ള (Logistics movement) സാധ്യതകൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാസഞ്ചർ സർവീസ് മാത്രം നടത്തിയാൽ പദ്ധതി ലാഭകരമാകില്ല. ബദൽ മാർഗങ്ങൾ, ഭൂമിയുടെ ലഭ്യത, മെട്രോ-ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനം എന്നിവ സംസ്ഥാന സർക്കാർ സ്വതന്ത്രമായി പഠിക്കും. ഈ പഠനങ്ങളിലൂടെ പദ്ധതിയുടെ സാമ്പത്തിക നേട്ടവും ആവശ്യകതയും ബോധ്യപ്പെട്ടാൽ മാത്രമേ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ:

പത്മ പുരസ്കാരങ്ങൾ: 2027-ലെ പത്മ പുരസ്കാരങ്ങൾക്കായി വിവിധ രംഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ സംസ്ഥാന സർക്കാരിന്റെ നാമനിർദ്ദേശ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ധനസഹായം: പോലീസ് വാഹനം ഇടിച്ച് മരണമടഞ്ഞ സ്കൂൾ വിദ്യാർത്ഥി ജിനരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനമെടുത്തു.

വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം:

ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ട, യോഗ്യരായ അഭിഭാഷകരെയാണ് നിയമിച്ചത്. മുൻ സർക്കാരിന്റെ കാലത്തെക്കാൾ കുറഞ്ഞ എണ്ണം പ്ലീഡർമാരെ മാത്രമാണ് ഈ സർക്കാർ പുതുതായി ഉൾപ്പെടുത്തിയത്.

വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ കൺസഷൻ എഗ്രിമെന്റ് കൃത്യമായി വായിക്കാതെയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മുൻപ് പിണറായി വിജയൻ സർക്കാർ അദാനി ഗ്രൂപ്പിന് കാലാവധി നീട്ടി നൽകിയതിലൂടെയും പിഴകൾ ഒഴിവാക്കിയതിലൂടെയും വരുത്തിയ നഷ്ടങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, നിലവിലെ ഓഹരി കൈമാറ്റത്തിൽ സംസ്ഥാനത്തിന്റെ ഒരു താൽപര്യവും ഹനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ഇക്കാര്യം എംപവേർഡ് കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *