കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓരോ വികസന പദ്ധതികളും സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും കൃത്യമായ ദീർഘവീക്ഷണത്തിന്റെയും അടയാളമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. കോഴിക്കോട് വെള്ളിമാട്കുന്ന് പാതയിലെ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനവും പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കനാൽ സിറ്റി ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് നഗരം ‘ന്യൂ കാലിക്കറ്റ്’ എന്ന പുതിയ ഉയരങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള നഗരവൽക്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

