ഹോബാർട്ട്: ദക്ഷിണ ടാസ്മാനിയയിൽ സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുപ്പത്തിയൊന്നുകാരനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ഓസ്‌ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിന് ഇരയാകുന്ന ആറാമത്തെ വ്യക്തിയാണ് ഈ യുവാവ്. കടലിനടിയിൽ കുന്തം ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ സ്രാവ് ആക്രമിച്ചെങ്കിലും, ഇയാൾ അദ്ഭുതകരമായി രക്ഷപെട്ട് 50 മീറ്ററോളം നീന്തി സുരക്ഷിത സ്ഥാനത്ത് എത്തുകയായിരുന്നു.
അഡ്വഞ്ചർ ബേയിലെ പ്രാദേശിക ഡൈവിംഗ് കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേർ മീൻപിടുത്തത്തിനായി ഇവർക്ക് കൃത്യമായി അറിയാവുന്ന ഈ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും ഇവിടെ വരാറുണ്ടെന്ന് ടാസ്മാനിയ പോലീസ് ഉദ്യോഗസ്ഥൻ ഡാരൻ ലഥാം പറഞ്ഞു. എന്നാൽ കോൾ പോയിന്റിൽ നിന്ന് 50 മീറ്റർ അകലെ വെച്ച് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
സ്രാവിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട യുവാവ് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ തീരത്തേക്ക് നീന്തിക്കയറുകയായിരുന്നു. തുടർന്ന് ഇയാളെ ഹെലികോപ്റ്റർ മാർഗ്ഗം റോയൽ ഹോബാർട്ട് ഹോസ്പിറ്റലിലേക്ക് മാറ്റി.യുവാവിന്റെ ഒരു കൈയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2020-ന് ശേഷം ടാസ്മാനിയയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സ്രാവ് ആക്രമണമാണിത്.
മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് ഒരു ഗ്രേറ്റ് വൈറ്റ് സ്രാവിനെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തിയെങ്കിലും സ്രാവിനെ കണ്ടെത്താനായില്ല. ആക്രമണം നടത്തിയത് ‘ബ്രോഡ്നോസ് സെവൻഗിൽ’ (Broadnose Sevengill) ഇനത്തിൽപ്പെട്ട സ്രാവ് ആണെന്നാണ് ഡൈവർമാർ നൽകുന്ന സൂചനയെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് എത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സ്രാവുകളെ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു

