അക്രമിയെ സാഹസികമായി കീഴ്‌പെടുത്തിയ യുവാവിന് നേരെ ടേസര്‍ ഗണ്‍ പ്രയോഗിച്ച് പോലീസ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിന്റെ വടക്കൻ സബർബിൽ രണ്ട് കൈകളിലും കത്തിയുമായി ഭീതിപരത്തിയ അക്രമിയെ അനുനയിപ്പിച്ച് ആയുധം താഴെയിറക്കിച്ച യുവാവിനെതിരെ പോലീസ് ടേസർ ഗൺ (ആഘാതമേൽപ്പിക്കുന്ന തോക്ക്) പ്രയോഗിച്ചു. മാൻസ്ഫീൽഡ് പാർക്ക് സ്വദേശിയായ മാർക്ക് ഗ്രാബ്ഷിനാണ് (Mark Grabsch) താൻ ചെയ്ത ജീവകാരുണ്യപ്രവർത്തനത്തിന് പകരമായി പോലീസിന്റെ പീഡനം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഹാംഷെയർ സ്ട്രീറ്റിൽ ഒരാൾ കടുത്ത മാനസിക അസ്വസ്ഥതയോടെ രണ്ട് കൈകളിലും കത്തിയുമായി നിലയുറപ്പിച്ചതോടെയാണ് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന സംഘർഷാവസ്ഥയ്ക്ക് തുടക്കമായത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളുമായി ചർച്ചകൾക്ക് മുതിർന്നെങ്കിലും, പ്രതി പോലീസുകാർക്ക് നേരെ ഒരു കത്തി എറിഞ്ഞതായി ആരോപിക്കപ്പെടുന്നു. ‘കത്തി താഴെയിട്ടില്ലെങ്കിൽ വെടിവെയ്ക്കും’ എന്ന് പോലീസ് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേട്ടാണ് താൻ ഉണർന്നതെന്ന് ഗ്രാബ്ഷ് പറഞ്ഞു.

തുടർന്ന് പുറത്തിറങ്ങിയ ഗ്രാബ്ഷ് ആയുധമേന്തിയ വ്യക്തിയെ തിരിച്ചറിയുകയും മറ്റൊന്നും ആലോചിക്കാതെ അയാളുടെ അടുത്തേക്ക് നീങ്ങുകയുമായിരുന്നു. വളരെ ശാന്തനായി ഇയാളുടെ അടുത്തെത്തിയ ഗ്രാബ്ഷ്, ‘ദയവായി ആ കത്തി എനിക്ക് തരൂ, ആരും നിന്നെ ഉപദ്രവിക്കാൻ ഞാൻ അനുവദിക്കില്ല’ എന്ന് പറയുകയും, ഇതേത്തുടർന്ന് അയാൾ കത്തി കൈമാറുകയും ചെയ്തു. ലഭിച്ച കത്തി ഗ്രാബ്ഷ് പുറകിലെ നടപ്പാതയിലേക്ക് എറിഞ്ഞുകളഞ്ഞു.

എന്നാൽ ഈ സൽപ്രവൃത്തി നടന്ന് നിമിഷങ്ങൾക്കകം പോലീസ് ഗ്രാബ്ഷിന് നേരെ ടേസർ തോക്ക് പ്രയോഗിക്കുകയായിരുന്നു. മറ്റുള്ളവർക്ക് ആപത്തുണ്ടാകരുതെന്ന് കരുതി മാത്രമാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും, പോലീസ് എന്തിനാണ് തന്നോട് ഇത് ചെയ്തതെന്ന് അറിയില്ലെന്നും കടുത്ത മാനസികവിഷമത്തോടെ ഗ്രാബ്ഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *