അഹമ്മദാബാദ്: ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അഭിനന്ദിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരും ടീമിന് ആശംസകൾ നേർന്നു. മൂന്ന് തവണ ടി-20 ലോകകപ്പ് നേടുന്ന ലോകത്തെ ഏക രാജ്യമെന്ന അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ഇതോടെ സ്വന്തമാക്കിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ 96 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 255 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിന് പുറത്തായി. ഇന്ത്യൻ ടീമിന്റെ കഴിവും നിശ്ചയദാർഢ്യവുമാണ് ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ രാജ്യം, കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്നീ റെക്കോർഡുകളും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി.
സഞ്ജു സാംസൺ (89), അഭിഷേക് ശർമ്മ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ ബാറ്റിംഗ് പ്രകടനവും നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗുമാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്. സഞ്ജു സാംസൺ ടൂർണമെന്റിലെ താരമായും ജസ്പ്രീത് ബുംറ ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

