ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പ്രതിപക്ഷ ബഹളത്തോടെ ആരംഭിച്ചു. സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം ഇന്ന് ലോക്‌സഭ പരിഗണിക്കാനിരിക്കെയാണ് സഭാനടപടികൾ തടസ്സപ്പെട്ടത്. വിഷയത്തെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭ മൂന്ന് മണിവരെ നിർത്തിവെച്ചു.
ഇന്ന് രാവിലെ സമ്മേളനം ആരംഭിച്ചപ്പോൾ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ അന്തരിച്ച മുൻ അംഗങ്ങൾക്ക് സഭ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ചോദ്യോത്തര വേളയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ഇതേത്തുടർന്ന് ആദ്യം 12 മണിവരെ നിർത്തിവെച്ച സഭ, പിന്നീട് പുനരാരംഭിച്ചപ്പോഴും പ്രതിഷേധം ശക്തമായതോടെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ വീണ്ടും നിർത്തിവെക്കാൻ തീരുമാനിച്ചത്. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണഘടനാപരമായ നോട്ടീസ് പ്രതിപക്ഷം നൽകിയിട്ടുള്ള സാഹചര്യത്തിൽ ഇന്നത്തെ സഭാ നടപടികൾ നിർണ്ണായകമാണ്

