കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കേരളത്തിലെത്തും. കൊച്ചിയിൽ നടക്കുന്ന എൻ.ഡി.എയുടെ വൻ പൊതുസമ്മേളനത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടും. നേരത്തെ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന സന്ദർശനം ചില സാങ്കേതിക കാരണങ്ങളാൽ 11-ലേക്ക് മാറ്റുകയായിരുന്നു.
മറൈൻ ഡ്രൈവിൽ നടക്കുന്ന എൻ.ഡി.എ റാലിയിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. സന്ദർശന വേളയിൽ കേരളത്തിനായുള്ള എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയും പ്രധാനമന്ത്രി പുറത്തിറക്കും. രാഷ്ട്രീയ പരിപാടികൾക്ക് പുറമെ, കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപുള്ള പ്രധാനമന്ത്രിയുടെ ഈ വരവിനെ രാഷ്ട്രീയമായി വലിയ പ്രാധാന്യത്തോടെയാണ് എൻ.ഡി.എ കാണുന്നത്.

