പാലാ: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തി. കഴിഞ്ഞ പത്തു വർഷമായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് സർക്കാർ ബാറുകൾക്ക് അനുമതി നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.
പുതിയ മദ്യങ്ങൾക്ക് പേരിടാൻ പോലും മത്സരം സംഘടിപ്പിക്കുന്നത് ലജ്ജാകരമാണെന്ന് ബിഷപ്പ് പറഞ്ഞു. നിശ്ചിത ഫീസ് അടച്ചാൽ ബാറുകളുടെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കുന്ന സർക്കാർ നടപടി സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വരുമാനം മാത്രം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ കുടുംബഭദ്രതയെയും യുവതലമുറയെയും തകർക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ട സർക്കാർ തന്നെ മദ്യവിൽപ്പനയ്ക്ക് ഒത്താശ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പാലായിൽ പറഞ്ഞു. സഭയുടെയും വിശ്വാസികളുടെയും ഭാഗത്തുനിന്ന് ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

