ഭൂതത്താൻകെട്ടിൽ ബോട്ട് സവാരി പുനരാരംഭിച്ചു; വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ്

കോതമംഗലം: നിയമക്കുരുക്കുകൾ പരിഹരിച്ചതിനെത്തുടർന്ന് ഭൂതത്താൻകെട്ടിൽ മുടങ്ങിക്കിടന്ന ബോട്ട് സവാരി പുനരാരംഭിച്ചു. ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബർ രണ്ടാം വാരത്തിൽ ആരംഭിക്കേണ്ടിയിരുന്ന സർവീസുകൾ കോടതി വ്യവഹാരങ്ങൾ കാരണമാണ് വൈകിയത്. സർക്കാർ തലത്തിൽ നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് പ്രതിസന്ധികൾ നീങ്ങി ബോട്ടിംഗ് പുനരാരംഭിക്കാൻ അനുകൂല സാഹചര്യമുണ്ടായത്.

രണ്ട് പ്രധാന റൂട്ടുകളിലായാണ് നിലവിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ടിൽ നിന്ന് ഞായപ്പിള്ളി വഴി കുട്ടമ്പുഴയിലേക്കും, തട്ടേക്കാട് – ഇഞ്ചത്തൊട്ടി തൂക്കുപാലം വഴി നേര്യമംഗലത്തേക്കുമാണ് യാത്രക്കാർക്ക് സഞ്ചരിക്കാനാവുക. ചെറുതും വലുതുമായ ഏഴ് ബോട്ടുകളാണ് നിലവിൽ സർവീസിന് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 95 സീറ്റുള്ള ഒരു വലിയ ബോട്ടും, 45, 42 സീറ്റുകളുള്ള ഓരോ ബോട്ടുകളും, 10 സീറ്റുകൾ വീതമുള്ള നാല് ബോട്ടുകളും ഉൾപ്പെടുന്നു.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും വലിയ ആകർഷണമാണ് പെരിയാറിലൂടെയുള്ള ഈ യാത്ര. ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നുവെങ്കിലും നിയമപരമായ തടസ്സങ്ങൾ സഞ്ചാരികളെയും ടൂറിസം മേഖലയെയും ഒരുപോലെ നിരാശരാക്കിയിരുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ബോട്ടിംഗ് സമയം. സർവീസുകൾ പുനരാരംഭിച്ചത് പ്രദേശത്തെ ടൂറിസം സംരംഭകർക്കും വലിയ ആശ്വാസമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *