മലമ്പുഴയുടെ തിലകക്കുറിയായി നവീകരിച്ച ശുദ്ധജല അക്വേറിയം; മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്: വിനോദസഞ്ചാര ഭൂപടത്തിൽ മലമ്പുഴയുടെ ആകർഷണം വർദ്ധിപ്പിച്ചുകൊണ്ട് ഫിഷറീസ് വകുപ്പിന്റെ കീഴിൽ നവീകരിച്ച ശുദ്ധജല മത്സ്യ അക്വേറിയം പ്രവർത്തനസജ്ജമായി. പദ്ധതിയുടെ ഉദ്ഘാടനം മത്സ്യബന്ധന-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവ്വഹിച്ചു. 90 ലക്ഷം രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ അക്വേറിയം നവീകരിച്ചത്.

രണ്ടു ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മത്സ്യത്തിന്റെ ആകൃതിയിലുള്ള അക്വേറിയം കെട്ടിടത്തിന്റെ ഉൾവശങ്ങളിലും പുറം വശങ്ങളിലും ഫിനിഷിങ് പ്രവൃത്തികൾ പൂർത്തിയാക്കി. പുറംവശത്ത് മനോഹരമായ ആർട്ടിസ്റ്റിക് പെയിന്റിങും നൽകിയിട്ടുണ്ട്. ശീതീകരണ സംവിധാനമുള്ള അക്വാറിയത്തിന്റെ ഉൾവശം സെറാമിക് ടൈലുകൾ പാകിയും പുറംഭാഗവും നടപ്പാതയും ചെക്വാർഡ് പ്രികാസ്റ്റ് ടൈലുകൾ ഉപയോഗിച്ചും മനോഹരമാക്കി. അക്വാ എക്‌സ്‌പെർട്ടുകളുടെ സാങ്കേതിക സഹായത്തോടെയാണ് കെട്ടിടത്തിന്റെ ഇന്റീരിയർ പ്രവൃത്തികൾ നടപ്പിലാക്കിയത്.

പഴയ ടാങ്കുകൾ പൂർണ്ണമായും മാറ്റി പുതിയ ഫിൽട്ടറുകൾ സഹിതമുള്ള ആധുനിക ടാങ്കുകൾ സ്ഥാപിച്ചു. ടാങ്കുകൾ ഉറപ്പിക്കുന്നതിന് കോൺക്രീറ്റ് പ്ലാറ്റ്‌ഫോമുകളും അലൂമിനിയം ഗ്ലേസ്ഡ് വാതിലുകളും നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഹാൻഡ് റെയിലുകൾ, ലാഡറുകൾ, സന്ദർശകർക്കായി ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചു. അക്വേറിയത്തിന് ചുറ്റുമുള്ള കുളത്തിൽ ആറ് വാട്ടർ ഫൗണ്ടനുകളും പുറത്തെ ചെറിയ കുളത്തിൽ മറ്റൊരു ഫൗണ്ടനും സ്ഥാപിച്ചിട്ടുണ്ട്. എൽ.ഇ.ഡി ഡിസ്‌പ്ലേ, സോളാർ പാനൽ, അലങ്കാര ലൈറ്റുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഇൻവെർട്ടർ ബാക്കപ്പ് തുടങ്ങിയ സംവിധാനങ്ങളും ഇലക്ട്രിക് വർക്കുകളുടെ ഭാഗമായി ഒരുക്കി.

മത്സ്യാകൃതിയിലുള്ള കെട്ടിടത്തിന് പുറമെ ചതുരാകൃതിയിലുള്ള എയർ കണ്ടീഷൻ ചെയ്ത അക്വാറിയം കോംപ്ലക്സും ഇവിടെയുണ്ട്. ചെറുതും വലുതുമായ 108 ടാങ്കുകളിലായി സമുദ്ര മത്സ്യങ്ങളും ശുദ്ധജല മത്സ്യങ്ങളും പ്രദർശനത്തിനുണ്ട്. ആമസോൺ നദിയിലെ രാക്ഷസ മത്സ്യമായ അരാപൈമ, സമുദ്ര ജലത്തിൽ കാണുന്ന ലോബ്‌സ്റ്ററുകൾ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *