ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ (F43/F44/F64 വിഭാഗം) മത്സരത്തിൽ പാരാലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി. 69.25 മീറ്റർ ദൂരം പിന്നിട്ടാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സുമിത് ആന്റിൽ സ്വർണ്ണം നേടിയ മത്സരത്തിൽ, 56.91 മീറ്റർ ദൂരവുമായി പുഷ്പേന്ദ്ര സിംഗ് വെള്ളിമെഡലും, 49.48 മീറ്റർ ദൂരവുമായി പൂനം റാം വെങ്കലമെഡലും നേടി. ഇതോടെ ജാവലിൻ ത്രോ പോഡിയത്തിൽ ഇന്ത്യൻ താരങ്ങൾ സമ്പൂർണ്ണ ആധിപത്യം പുലർത്തി.മത്സരശേഷം സംസാരിച്ച സുമിത് ആന്റിൽ, ഈ പ്രകടനം തന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്നും, ഓഫ്-സീസൺ പരിശീലനത്തിനിടയിലും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. ഈ വർഷത്തെ ഏഷ്യൻ പാരാ ഗെയിംസാണ് തന്റെ പ്രധാന ലക്ഷ്യമെന്നും 75 മീറ്റർ ദൂരം പിന്നിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനമാണ് തുടരുന്നത്. ട്രായ്ക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി നിരവധി മെഡലുകളാണ് ഇന്ത്യൻ പാരാ അത്‌ലറ്റുകൾ ഇതുവരെ സ്വന്തമാക്കിയത്.

