വയനാട് തുരങ്കപാത: സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരായ നിയമനടപടികളെ നേരിടാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ‘വയനാട് പ്രകൃതി സംരക്ഷണ സമിതി’ പദ്ധതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരമായി ഈ നടപടി സ്വീകരിച്ചത്.

സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ ഭാഗം കേൾക്കാതെ പദ്ധതിക്കെതിരെ യാതൊരുവിധത്തിലുള്ള സ്റ്റേ ഉത്തരവുകളും പുറപ്പെടുവിക്കരുതെന്ന് ഉറപ്പാക്കുകയാണ് തടസ്സഹർജിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതി നിർമ്മാണം അടിയന്തരമായി തടയണമെന്നും, കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം. പാത കടന്നുപോകുന്നത് ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലാണെന്നും, ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയാണ് അനുമതി നൽകിയതെന്നും ഇവർ ഹർജിയിൽ ആരോപിക്കുന്നു.

8.73 കിലോമീറ്റർ നീളമുള്ള അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ തുരങ്കപാതയുടെ പാറ തുരക്കൽ പ്രവൃത്തികൾ അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സർക്കാർ സ്വീകരിക്കുന്ന നിലപാട് തുരങ്കപാതയുടെ തുടർനടപടികൾക്ക് നിർണ്ണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *