മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ഉടമസ്ഥതയിൽ മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നു. മാർച്ച് 16-ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്.അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവ സ്റ്റേഡിയത്തിലുണ്ട്. രാത്രികാല മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ള ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും.

രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ വെളിച്ചസംവിധാനമൊരുക്കിയ സിഗ്നിഫൈ (ഫിലിപ്സ്) കമ്പനിയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും, ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവ്വഹിക്കും.

മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ സഹായിക്കുന്ന ഇൻഡോർ കേന്ദ്രം കായികതാരങ്ങൾക്ക് വലിയ അനുഗ്രഹമാകും. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും കെ.സി.എ ഭാരവാഹികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *