കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരുകാരണവശാലും കണ്ണൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്നും ഒരു അനുനയത്തിനും താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ഡൽഹിയിലേക്കുള്ള തന്റെ യാത്ര കെ. സുധാകരൻ റദ്ദാക്കിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ, തനിക്ക് പിന്തുണയുള്ളവരുടെ യോഗം വിളിച്ചുചേർക്കാനുൾപ്പെടെയുള്ള നിർണ്ണായക നീക്കങ്ങൾ സുധാകരൻ ആലോചിക്കുന്നുണ്ട്.
സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കാൻ പോലും ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം, അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ കൂടുതൽ പ്രകോപിപ്പിച്ചതായാണ് സൂചന.

