മോർഫെറ്റ് വെയ്‌ൽ കൊലപാതകം, പ്രതിയെ പെർത്തിൽ നിന്ന് അഡലെയ്ഡിലെത്തിച്ചു; നാളെ കോടതിയിൽ ഹാജരാക്കും

അഡലെയ്ഡ്: സൗത്ത് അഡലെയ്ഡിലെ മോർഫെറ്റ് വെയ്‌ലിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്ന് അഡലെയ്ഡിലെത്തിച്ചു. പെർത്തിൽ നിന്ന് അറസ്റ്റ് ചെയ്ത അലൻ കിപ്ലിമോയെ ഡിറ്റക്റ്റീവുമാരുടെ സംഘമാണ് വിമാനമാർഗ്ഗം അഡലെയ്ഡിൽ എത്തിച്ചത്. ഇയാളെ സിറ്റി വാച്ച് ഹൗസിലേക്ക് മാറ്റുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് 24 വയസ്സുകാരനായ കാലേബ് ലേരിയാനോ കൊല്ലപ്പെട്ടത്. മോർഫെറ്റ് വെയ്‌ലിലെ തന്റെ വീടിന് സമീപം അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കാലേബിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബുധനാഴ്ച പുലർച്ചെ കാലേബിനെ സമീപത്തെ സഫയർ റിസർവ് പാർക്കിലേക്ക് വിളിച്ചുവരുത്തിയതാകാമെന്നും അവിടെ വെച്ച് ആക്രമിക്കപ്പെട്ടതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാർക്കിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ കാരണത്തെക്കുറിച്ചും അവിടെ കൃത്യമായി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും മേജർ ക്രൈം ഡിറ്റക്റ്റീവുമാർ വിശദമായ അന്വേഷണം നടത്തിവരികയാണ്.

അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ചയാണ് പെർത്തിൽ നിന്ന് ബ്രാഭാം സ്വദേശിയായ 22 വയസ്സുകാരൻ അലൻ കിപ്ലിമോയെ പോലീസ് പിടികൂടിയത്. തുടർന്ന് പെർത്ത് കോടതിയിൽ നിന്ന് കൈമാറ്റ ഉത്തരവ് (Extradition Order) നേടിയ ശേഷം പ്രതിയെ അഡലെയ്ഡിലേക്ക് എത്തിക്കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതോടെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

മകന്റെ മരണത്തിൽ തളർന്നിരിക്കുകയാണെങ്കിലും, പ്രതിയെ അതിവേഗം പിടികൂടിയ ഡിറ്റക്റ്റീവുമാരുടെ നടപടിയിൽ കാലേബിന്റെ മാതാപിതാക്കൾ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *