നേപ്പാളിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഏഴ് ഇന്ത്യക്കാർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം നേപ്പാളിലെ പ്രശസ്തമായ മണകാമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ഷാഹിദ് ലഖാൻ ഗ്രാമപഞ്ചായത്തിലെ കാന്താർ എന്ന സ്ഥലത്തുവെച്ച്, തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് മിനി ബസ് നിയന്ത്രണം വിട്ട് ഏകദേശം 150 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.മരിച്ച ഏഴ് പേരും തമിഴ്നാട് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുത്തുകുമാർ (58), ആനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയൽ (57), മീന (58), തമിഴരസി (60) എന്നിവരാണ് മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഏഴ് പേർ ഇന്ത്യൻ തീർത്ഥാടകരും രണ്ട് പേർ നേപ്പാൾ സ്വദേശികളുമാണ് (ബസ് ഡ്രൈവറും സഹായിയും). പരിക്കേറ്റവരെ ഭരത്പൂരിലെ ചിത്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കുത്തനെയിറക്കവും വളവും നിറഞ്ഞ പാതയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *