ലോകസമാധാനം പുനഃസ്ഥാപിക്കാൻ ട്രംപിന് മാത്രമേ സാധിക്കൂ എന്ന് ജപ്പാൻ പ്രധാനമന്ത്രി സനാതയിച്ചി; വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ ജപ്പാൻ പ്രധാനമന്ത്രി സനാതയിച്ചിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ലോകം നേരിടുന്ന കടുത്ത സുരക്ഷാ പ്രതിസന്ധികൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ ട്രംപിന് മാത്രമേ സാധിക്കൂ എന്ന് സനാതയിച്ചി പ്രത്യാശ പ്രകടിപ്പിച്ചു. 2025 ഒക്ടോബറിൽ അധികരമേറ്റ ശേഷം സനാതയിച്ചി വൈറ്റ് ഹൗസിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ കൂടുതൽ സഹകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇറാന്റെ ആണവ പദ്ധതികളെ ജപ്പാൻ എതിർക്കുന്നുണ്ടെങ്കിലും, സൈനിക നീക്കങ്ങളിൽ തങ്ങളുടെ ഭരണഘടനാപരമായ പരിമിതികൾ പ്രധാനമന്ത്രി ട്രംപിനെ ബോധ്യപ്പെടുത്തി. എന്നിരുന്നാലും, മേഖലയിലെ സമാധാന ശ്രമങ്ങളിൽ അമേരിക്കയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ജപ്പാൻ അറിയിച്ചു.

40 ബില്യൺ ഡോളറിന്റെ ആണവ കരാർ

വാർത്താസമ്മേളനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ 40 ബില്യൺ ഡോളറിന്റെ ബൃഹത്തായ ആണവ കരാറിൽ ഒപ്പുവെച്ചു. അമേരിക്കയിലെ ടെന്നസി, അലബാമ എന്നിവിടങ്ങളിൽ അത്യാധുനിക ചെറുകിട മോഡുലാർ റിയാക്ടറുകൾ നിർമ്മിക്കുന്നതാണ് പദ്ധതി. അമേരിക്കൻ കമ്പനിയായ ജിഇ വെർനോവയും ജപ്പാൻ കമ്പനിയായ ഹിറ്റാച്ചിയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുക.

കൂടിക്കാഴ്ചയ്ക്കിടെ പേൾ ഹാർബർ ആക്രമണത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശം നേരിയ അസ്വാരസ്യത്തിന് കാരണമായെങ്കിലും, ജപ്പാൻ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക സുരക്ഷ, ചൈനയുടെ സ്വാധീനം കുറയ്ക്കൽ, പ്രതിരോധ സഹകരണം എന്നിവയും ചർച്ചാവിഷയമായി.

Leave a Reply

Your email address will not be published. Required fields are marked *